ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്.

വെല്ലിംഗ്ടണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടം ഇപ്പോഴും ക്രിക്കറ്റ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായ ഇന്ത്യ തന്നെയാണ് 2-1ന് പരമ്പര സ്വന്തമാക്കിയത്. അതും ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചുകൊണ്ട്. മാത്രമല്ല പല സീനിയര്‍ താരങ്ങളും ഇല്ലാതെയാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യയുടെ പരമ്പര നേട്ടത്തെ പലരും അന്ന് അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ അഭിനന്ദനമറിയിച്ചിരിക്കുകയാണ്. വില്ല്യംസണ്‍ പറയുന്നതിങ്ങനെ... ''ഗാബയിലെ അവസാന ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ എല്ലാവരും കൂടി കളിച്ചത് ആകെ ഏഴോ, എട്ടോ ടെസ്റ്റുകള്‍ മാത്രമായിരുന്നു. എന്നിട്ടും അവര്‍ പുറത്തെടുത്ത പോരാട്ടവീര്യം അഭിനന്ദാര്‍ഹമാണ്. ഓസീസിനെതിരേ ഇങ്ങനെയൊരു വിജയം കുറിക്കാനായത് തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. 

ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലാണ് മല്‍സരമെങ്കില്‍ അത് വെല്ലുവിളി വര്‍ധിപ്പിക്കും. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ പരമ്പരയിലെ പ്രകടനം ഉജ്ജ്വലമായിരുന്നു. നിരവധി വെല്ലുവിളികളെയാണ് ടീം തരണം ചെയ്തത്. മത്സരം കണ്ട ആരാധകരെയും ഈ വിജയം സന്തോഷിപ്പിച്ചിട്ടുണ്ടാവും.'' ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വ്യക്തമാക്കി.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്.