ക്രൈസ്റ്റ്ചര്‍ച്ച്:  ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടിയായി നായകന്‍ കെയ്ന്‍ വില്യാംസണിന്റെ പരിക്ക്. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇടതു തോളിന് പരിക്കേറ്റ വില്യാംസണെ വിശദപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍കരുതലെന്ന നിലക്കാണ് വില്യാംസണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ വില്യാംസണ്‍ പരിക്ക് വകവെക്കാതെ ബാറ്റ് ചെയ്യാനിറങ്ങി ടെസ്റ്റിലെ മുപ്പതാം അര്‍ധസെഞ്ചുറി(74) തികച്ചിരുന്ന. ബാറ്റിംഗിനിടെ രണ്ടുതവണ തോള്‍ വേദന അനുഭവപ്പെട്ട വില്യാംസണ്‍ ചികിത്സ തേടിയിരുന്നു.

വില്യാംസണിന്റെ അഭാവം കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂസിലന്‍ഡിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും വില്യാംസണിന്റെ പരിക്ക് തിരിച്ചടിയാണ്. മഴമൂലം ആദ്യ രണ്ടു ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സില്‍ 211 റണ്‍സിന് പുറത്താക്കിയ ന്യൂസിലന്‍ഡ് ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സെടുത്തിട്ടുണ്ട്. കീവീസിനായി റോസ് ടെയ്‌ലര്‍ ഡബിള്‍ സെഞ്ചുറി നേടി.