മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയതിന്‍റെ തൊട്ടടുത്ത ശേഷം ടീമില്‍ നിന്ന് പുറത്താകുന്നതും പകരം മറ്റൊരു താരം വരുന്നതും എനിക്ക് മനസിലാവുന്നില്ല എന്ന് ഇതിഹാസ താരം 

റായ്‌പൂര്‍: അവസാന ട്വന്‍റി 20യില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിട്ടും തൊട്ടടുത്ത ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ഒരു കാലയളവിലേക്ക് ഒരു ടീമിനെ തയ്യാറാക്കിവെക്കുകയാണ് ചെയ്യാറ് എന്ന് എനിക്കറിയാം. ഞാനത് മനസിലാക്കുന്നു. എന്നാല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയതിന്‍റെ തൊട്ടടുത്ത ശേഷം ടീമില്‍ നിന്ന് പുറത്താകുന്നതും പകരം മറ്റൊരു താരം വരുന്നതും എനിക്ക് മനസിലാവുന്നില്ല. ട്വന്‍റി 20ക്കും ഏകദിനത്തിനും ടെസ്റ്റിനും വെവ്വേറെ ടീമുകളുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത് എന്നും കപില്‍ ദേവ് പറഞ്ഞു.

സൂര്യയെ മുമ്പും പ്രശംസിച്ച് കപില്‍ ദേവ്

'സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും എല്ലാം പ്രകടനങ്ങള്‍ കാണുമ്പോള്‍ അവരെപ്പോലൊരു കളിക്കാരുടെ ലിസ്റ്റിലേക്ക് ഇനിയും ആളുകള്‍ വരുമെന്ന് നമുക്ക് പലപ്പോഴും തോന്നും. കാരണം, ഇന്ത്യയില്‍ അത്രമാത്രം പ്രതിഭകളുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം കാണുമ്പോള്‍ തോന്നുന്നത് അതല്ല. അയാള്‍ ശ്രീലങ്കക്കെതിരെ കളിച്ച ചില ഷോട്ടുകള്‍ നോക്കു. പ്രത്യേകിച്ച് ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയ സിക്സുകള്‍. അതുപോലെ മിഡ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെ പറത്തിയ സിക്സുകള്‍. ബൗളര്‍മാരെ ശരിക്കും ഭയപ്പെടുത്തുന്ന ഷോട്ടുകളാണ് അതൊക്കെ. ബൗളര്‍മാര്‍ എവിടെ പന്തെറിയുന്നു എന്ന് അയാള്‍ അതിവേഗം മനസിലാക്കുന്നു. എ ബി ഡിവില്ലിയേഴ്സിനെയും വിവിയന്‍ റിച്ചാര്‍ഡ്സിനെയും സച്ചിനെയും റിക്കി പോണ്ടിംഗിനെയും പോലുള്ള മഹാന്‍മാരായ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സൂര്യയെപ്പോലെ ഇത്ര ക്ലീനായി ഷോട്ട് കളിക്കാന്‍ കഴിയുന്നവരെ അധികം കണ്ടിട്ടില്ല. അതിന് സൂര്യയെ അഭിനന്ദിച്ചെ മതിയാകു. കാരണം, ഇത്തരം കളിക്കാര്‍ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്' എന്നുമായിരുന്നു കപില്‍ ദേവിന്‍റെ വാക്കുകള്‍. 

രാജ്‌കോട്ടില്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ തകര്‍പ്പന്‍ സെഞ്ചുറി സൂര്യകുമാര്‍ യാദവ് നേടിയിരുന്നു. 51 പന്തിൽ ഏഴ് ഫോറും 9 സിക്‌സറും സഹിതം പുറത്താവാതെ 112* റണ്‍സാണ് താരം നേടിയത്. രാജ്യാന്തര ട്വന്‍റി 20യില്‍ സൂര്യയുടെ മൂന്നാം ശതകമായിരുന്നു ഇത്. എന്നാല്‍ പിന്നാലെ ലങ്കയ്ക്കെതിരായ രണ്ട് ഏകദിനങ്ങളില്‍ സ്കൈയെ ബഞ്ചിലിരുത്തി. എന്നാല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സൂര്യയെ കളത്തിലിറക്കി. 

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം: അന്വേഷിക്കാൻ ഒളിമ്പിക്സ് അസോസിയേഷൻ സമിതിയെ നിയോഗിച്ചു