നാല് താരങ്ങളാണ് നിലവില്‍ പരിക്കുമായി പൊരുതി ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ളത്
മുംബൈ: ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ ഓള്‍റൗണ്ടറും മുന്‍ നായകനുമായ കപില്‍ ദേവ്. താരങ്ങള്‍ ചെറിയ പരിക്കുമായി ഐപിഎല്‍ കളിക്കും, എന്നാല്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ തയ്യാറായല്ല എന്നാണ് കപിലിന്‍റെ രൂക്ഷ വിമര്‍ശനം. 1983ല്‍ ഇന്ത്യന്‍ ടീമിന് ആദ്യ ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനാണ് കപില്‍ ദേവ്.
നാല് താരങ്ങളാണ് നിലവില്‍ പരിക്കുമായി പൊരുതി ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ളത്. പേസര്‍മാരായ ജസ്‌പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ, ബാറ്റര്‍മാരായ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ പരിക്ക് മാറി ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ ഫിറ്റ്‌നസ് ക്ലിയറന്‍സിനായി കാത്തിരിക്കുന്നു. കാര്‍ അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്തും എന്‍സിഎയില്‍ പരിശീലനത്തിലുണ്ട്. ഏകദിന ലോകകപ്പും അതിന് മുമ്പും ഏഷ്യാ കപ്പും നടക്കാനിരിക്കേ റിഷഭ് ഒഴികെയുള്ള താരങ്ങളെല്ലാം ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ. ബുമ്ര ഉള്‍പ്പടെയുള്ള താരങ്ങള്‍ പരിക്ക് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്‌ച വരുത്തി എന്ന വിമര്‍ശനമാണ് കപില്‍ ദേവിനുള്ളത്.
'എന്താണ് ജസ്‌പ്രീത് ബുമ്രക്ക് സംഭവിച്ചത്. ഏറെ ആത്മവിശ്വാസത്തോടെയാണ് ബുമ്ര വീണ്ടും പന്തെറിയാന്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ലോകകപ്പ് സെമി, ഫൈനല്‍ കളിക്കാനായില്ലെങ്കില്‍ ബുമ്രക്കായി ചിലവാക്കിയ സമയം പാഴാകും. റിഷഭ് പന്ത് മികച്ച താരമാണ്. അദേഹവും പരിക്കിലായത് ടെസ്റ്റ് ക്രിക്കറ്റിനെ ബാധിച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും പരിക്ക് ബാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ 10 മാസവും താരങ്ങള്‍ കളിക്കുകയാണ്. ഐപിഎല്‍ താരങ്ങള്‍ക്ക് വലിയ കാര്യമാണ്. എന്നാല്‍ താരങ്ങളെ അത് മോശമായി ബാധിക്കുകയും ചെയ്യും. കാരണം, ചെറിയ പരിക്കാണെങ്കില്‍ അതുവച്ച് ഐപിഎല്‍ കളിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമിനായി അങ്ങനെ പരിക്കുമായി പരിക്കില്ല. ഒരു ഇടവേളയെടുക്കും. ഞാനിക്കാര്യത്തില്‍ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. എത്ര മത്സരം താരങ്ങള്‍ കളിക്കണം എന്ന കാര്യത്തില്‍ ബിസിസിഐ ഒരു തീരുമാനം കൈക്കൊള്ളണം. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന് വീഴ്‌ചകളുള്ളതായും' കപില്‍ ദേവ് വിമര്‍ശിച്ചു.
ജസ്‌പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ പരിക്ക് ഭേദമായി വരുന്നതായി അപ്‌ഡേറ്റ് ഈ മാസാദ്യം ബിസിസിഐ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം പരിശീലന മത്സരത്തില്‍ ബുമ്രയും പ്രസിദ്ധും പന്തുകളെറിഞ്ഞു. ഇരുവരും ഓരോ വിക്കറ്റ് നേടുകയും ചെയ്തു. ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന് പുറത്താണ് പരിക്കിനോട് പടപൊരുതുന്ന ബുമ്ര.
Read more: 'സഞ്ജു സാംസണെ മൂന്നാം ഏകദിനത്തിലും കളിപ്പിക്കണം'; കട്ട സപ്പോര്‍ട്ടുമായി ആകാശ് ചോപ്ര
