മുംബൈ: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി വിരമിക്കാറായോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ അവസാനിച്ചതിന് പിന്നാലെയാണ് ധോണിയുടെ വിരമിക്കലിനായി ഒരു വിഭാഗം ആരാധകര്‍ മുറവിളിയുയര്‍ത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും കഴിഞ്ഞ ശേഷമെ ധോണി വിരമിക്കാവൂ എന്ന് വാദിക്കുന്നവരുമുണ്ട്. 

ചൂടേറിയ വാദപ്രതിവാദം പൊടിപൊടിക്കുന്നതിനിടെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. വിരമിക്കല്‍ തീരുമാനം ധോണിയുടേത് മാത്രമാണ്. അയാളുടെ ഭാവിയെക്കുറിച്ച് നമുക്കെങ്ങനെ പറയാനാകും. ധോണിയോ സെലക്ടര്‍മാരോ തീരുമാനം കൈക്കൊള്ളണമെന്നും അദേഹം ഇതിഹാസ താരമാണെന്നും കപില്‍ പറഞ്ഞു. 

ധോണിയെ കുറിച്ച് മുന്‍പും കപിലിന്‍റെ വാക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ താരം എംഎസ്ഡിയാണെന്ന് കപില്‍ ദേവ് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ധോണി രാജ്യത്തിനായി മഹത്തായ സേവനം ചെയ്തു. അദേഹത്തെ നാം ബഹുമാനിക്കണം. എത്രകാലം ധോണി കളിക്കും എന്നറിയില്ല. എത്രകാലം ധോണിയുടെ ശരീരം മത്സരങ്ങളുടെ ആധിക്യം താങ്ങും എന്നറിയില്ല എന്നുമായിരുന്നു അന്ന് കപിലിന്‍റെ വാക്കുകള്‍. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനിന്നതാണ് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ അടുത്തിടെ വര്‍ധിപ്പിച്ചത്. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് ധോണി. ഏകദിനത്തില്‍ 350 മത്സരങ്ങള്‍ കളിച്ച ധോണി 10773 റണ്‍സ് അടിച്ചുകൂട്ടി. ടി20യിലാവട്ടെ 98 മത്സരങ്ങളില്‍ 1617 റണ്‍സും നേടി.  ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ചിരുന്നു എം എസ് ധോണി.