Asianet News MalayalamAsianet News Malayalam

ഭിന്നതാല്‍പര്യ വിവാദം: ബിസിസിഐ ഉപദേശകസമിതി തലവന്‍ കപില്‍ ദേവ് രാജിവെച്ചു

ബിസിസിഐ എത്തിക്‌സ് ഓഫീര്‍ ഡികെ ജയിന്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് ഇതിഹാസ താരത്തിന്‍റെ രാജി

Kapil Dev Resigns from Cricket Advisory Committee Chief Report
Author
Mumbai, First Published Oct 2, 2019, 12:29 PM IST

മുംബൈ: ബിസിസിഐ ഉപദേശക സമിതിയുടെ തലപ്പത്തുനിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രാജിവെച്ചതായി റിപ്പോര്‍ട്ട്. ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജയിന്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് രാജിവെക്കുന്ന രണ്ടാമത്തെ അംഗമാണ് കപില്‍ ദേവ്. നോട്ടീസ് ലഭിച്ച ശാന്ത രംഗസ്വാമി നേരത്തെ രാജിവെച്ചിരുന്നു. ഇരുവരെയും കൂടാതെ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദാണ് സമിതിയിലുള്ളത്. 

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്‌ജയ് ഗുപ്‌തയാണ് മൂന്നംഗ സമിതിക്കെതിരെ പരാതിയുന്നയിച്ചത്. കപില്‍ ദേവ് കമന്‍റേറ്ററും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗവുമാണ് എന്നായിരുന്നു പരാതി. ഗെയ്‌ക്‌വാദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷന്‍ സമിതിയില്‍ അംഗമാണെന്നും ശാന്ത രംഗസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ് എന്നും പരാതിയിലുണ്ടായിരുന്നു. 

ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരു പദവി മാത്രമെ വഹിക്കാനാകൂ. സഞ്‌ജയ് ഗുപ്‌തയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്‌ച മൂവര്‍ക്കും ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജയിന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാന്ത രംഗസ്വാമിയുടെയും കപില്‍ ദേവിന്‍റെയും രാജികള്‍. ഇന്ത്യന്‍ വനിത- പുരുഷ ടീം മുഖ്യ പരിശീലകരെ തെരഞ്ഞെടുത്തത് കപില്‍ ദേവ് തലവനായ ഈ മൂന്നംഗ ഉപദേശകസമിതിയാണ്. 
 

Follow Us:
Download App:
  • android
  • ios