ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ ഗണത്തിലുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ചുറിയും നേടിയ താരമാണ്

മുംബൈ: വിരാട് കോലി തുടര്‍ച്ചയായി റണ്ണൊഴുക്കിത്തുടങ്ങിയ കാലം മുതല്‍ ആരംഭിച്ചൊരു ചര്‍ച്ചയുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ വിരാട് കോലിയാണോ ഏറ്റവും മികച്ച ബാറ്റര്‍? ഏകദിനത്തില്‍ സച്ചിന്‍റെ എല്ലാ റെക്കോര്‍ഡുകളും കോലി തച്ചുതകര്‍ക്കും എന്ന് അന്നേ പലരും വിധിയെഴുതി. 46 സെഞ്ചുറികളുമായി കുതിക്കുന്ന കോലി സച്ചിന്‍റെ പല റെക്കോര്‍ഡുകളും ഇതിനകം തകര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സച്ചിന്‍-കോലി താരതമ്യങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിത്തന്ന ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. 

'അത്രത്തോളം മികച്ച താരങ്ങളില്‍ നിന്ന് ഒന്നോരണ്ടോ പേരെ തെരഞ്ഞെടുക്കാന്‍ കഴിയില്ല. 11 താരങ്ങളുടെ ടീമാണ് കളിക്കുന്നത്. എനിക്ക് എന്‍റെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളുമുണ്ട്. എല്ലാ തലമുറയിലും മികച്ച താരങ്ങള്‍ വരും. ഞങ്ങളുടെ കാലത്ത് സുനില്‍ ഗാവസ്‌കറായിരുന്നു ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. അതിന് ശേഷം രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗുമൊക്കെ വന്നു. ഇപ്പോള്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയുമുണ്ട്. അടുത്ത ജനറേഷനില്‍ ഇതിനേക്കാള്‍ മികച്ച താരങ്ങളെ കാണാനാവും' എന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. 1983ല്‍ ടീം ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിത്തന്ന നായകനാണ് കപില്‍ ദേവ്. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ ഗണത്തിലുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ചുറിയും നേടിയ താരമാണ്. 200 ടെസ്റ്റില്‍ 51 സെഞ്ചുറിയും 6 ഇരട്ട സെഞ്ചുറിയും സഹിതം 15921 റണ്‍സും 463 ഏകദിനത്തില്‍ 49 ശതകങ്ങളും ഒരു ഡബിളും ഉള്‍പ്പടെ 18426 റണ്‍സും സച്ചിനുണ്ട്. ഏകദിനത്തില്‍ 270 മത്സരങ്ങളില്‍ 46 സെഞ്ചുറികളോടെ 12773 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ 104 കളിയില്‍ 27 ശതകവും 7 ഡബിള്‍ സെഞ്ചുറികളും ഉള്‍പ്പടെ 8119 റണ്‍സും കോലിക്കുണ്ട്. രാജ്യാന്തര ട്വന്‍റി 20യില്‍ 115 കളിയില്‍ 4008 റണ്‍സും കോലി നേടിക്കഴിഞ്ഞു. ഏകദിന സെഞ്ചുറികളില്‍ സച്ചിനെ കോലി മറികടക്കുമെന്ന് ഏതാണ്ടുറപ്പാണ് എങ്കിലും ടെസ്റ്റില്‍ സച്ചിന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുക എളുപ്പമല്ല. 

ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനം; സ്റ്റാര്‍ പേസര്‍മാര്‍ കളിക്കില്ല, സൂചന നല്‍കി രോഹിത് ശര്‍മ്മ