ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച് രണ്ടാഴ്ചകള്‍ പിന്നിടുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ഇപ്പോള്‍ ഐപിഎല്ലില്‍ തനിക്ക് ഇഷ്ടപ്പെട്ട താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടി നടരാജനാണ് ഈ ഐപിഎല്ലില്‍ തന്റെ ഹീറോ എന്നാണ് കപില്‍ ദേവ് പറുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അയാസ് മേമനുമായി സംസാരിക്കുകയായിരുന്നു കപില്‍.

തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള നടരാജന്റെ കഴിവാണ് കപിലിനെ ആകര്‍ഷിച്ചത്. അദ്ദേഹം പറുന്നതിങ്ങനെ... ''ഐപിഎല്ലില്‍ എന്റെ ഹീറോ നടരാജനാണ്. ഒട്ടും ഭയമില്ലാതെയാണ് അവന്‍ പന്തെറിയുന്നത്. അതും നിരന്തരം യോര്‍ക്കറുകള്‍ എറിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ക്രിക്കറ്റില്‍ യോര്‍ക്കറുകളാണ് ഏറ്റവും മികച്ച പന്തുകള്‍. ഇപ്പോഴല്ല, കഴിഞ്ഞ 100 വര്‍ഷങ്ങളായിട്ട് അങ്ങനെയാണ്.'' കപില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്ലിലെ കണ്ടുപിടുത്തമായിരുന്നു നടരാജന്‍. തമിഴ്‌നാടുകാരന്‍ 16 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ ഒന്നാകെ നേടിയത്. ഈ പ്രകടനം ടീമിന് പ്ലേ ഓഫില്‍ ഒരു സ്ഥാനം നല്‍കി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ പന്ത് മനോഹരമായിരുന്നു. താരത്തിന്റെ പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിയിക്കുകയും ചെയ്്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമിലാണ് നടരാജന്‍ ഇടം നേടിയത്.