മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്ക്ക് കന്നി കിരീടം. മായങ്ക് അഗര്‍വാളിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ മഹാരാഷ്ട്രയെ എട്ടു വിക്കറ്റിന് കീഴടക്കിയാണ് കര്‍ണാടക ഇന്ത്യയുടെ ആഭ്യന്തര ടി20 ലീഗില്‍ കിരീടമണിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ കര്‍ണാടക ലക്ഷ്യത്തിലെത്തി. സ്കോര്‍ മഹാരാഷ്ട്ര 20 ഓവറില്‍ 155/4, കര്‍ണാടക 18.3 ഓവറില്‍ 159/2.

57 പന്തില്‍ 85 റണ്‍സുമായി പുറത്താകാതെ നിന്ന മായങ്ക് അഗര്‍വാളും 39 പന്തില്‍ 60 റണ്‍സെടുത്ത രോഹന്‍ കദമുമാണ് കര്‍ണാടകയുടെ ജയം അനാായസമാക്കിയത്. കരുണ്‍ നായര്‍ എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ നൗഷാദ് ഷെയ്ഖിന്റെ ഇന്നിംഗ്സാണ്(41 പന്തില്‍ 69 റണ്‍സ്) മഹാരാഷ്ട്രയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. കര്‍ണാടകയ്ക്കായി അഭിമന്യു മിഥുന്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. തുടര്‍ച്ചായായി 14 ടി20 മത്സരങ്ങള്‍ ജയിച്ചാണ് കര്‍ണാടക കിരീടത്തിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങളെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കര്‍ണാടകയ്ക്കായി.