കര്‍ണാടകയെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 174 റണ്‍സിനായിരുന്നു ബംഗാളിന്റെ ജയം. 352 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക രണ്ടാം ഇന്നിങ്‌സില്‍ 177ന് എല്ലാവരും പുറത്തായി.

കൊല്‍ക്കത്ത: കര്‍ണാടകയെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 174 റണ്‍സിനായിരുന്നു ബംഗാളിന്റെ ജയം. 352 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക രണ്ടാം ഇന്നിങ്‌സില്‍ 177ന് എല്ലാവരും പുറത്തായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കര്‍ണാടക രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ പുറത്താവുന്നത്. ബംഗാളാവാട്ടെ 2006-07 സീസണിന് ശേഷം ആദ്യമായിട്ടാണ് ഫൈനലിന് യോഗ്യത നേടുന്നത്.

ദേവ്ദത്ത് പടിക്കല്‍ (62) ഒഴികെ മറ്റാര്‍ക്കും കര്‍ണാടക നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ദേശീയ ടീമിന് വേണ്ടി കളിക്കുന്ന കെ എല്‍ രാഹുല്‍ (0), കരുണ്‍ നായര്‍ (6), മനീഷ് പാണ്ഡെ (12) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ബംഗാളിന് വേണ്ടി മുകേഷ് കുമാര്‍ ആറ് വിക്കറ്റെടത്തു. ഇശാന്‍ പോറല്‍, അക്ഷ് ദീപ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. 

ഒന്നാം ഇന്നിങ്‌സില്‍ അനുസ്തുപ് മജുംദാറിന്റെ (149) സെഞ്ചുറി കരുത്തില്‍ ബംഗാള്‍ 312 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഷഹബാസ് നദീം (35), അക്ഷ് ദീപ് (44) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക 122ന് പുറത്തായി. രാഹുലായിരുന്നു (26) കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗാളിനെ 161ന് പുറത്താക്കി. 351 റണ്‍സിന്റെ ലീഡാണ് നേടിയത്. കര്‍ണാടകയ്ക്ക് വിജയലക്ഷ്യം മറികടക്കാനായതുമില്ല.