തിരുവനന്തപുരത്തെ മന്ത്രിമന്ദിരമായ മൻമോഹൻ ബംഗ്ലാവിന് ഭാഗ്യക്കേടിന്റെ ഒരു ചരിത്രമുണ്ട്. ഇവിടെ താമസിച്ച ആന്റണി രാജു വരെയുള്ള പല മന്ത്രിമാരും വിവാദങ്ങളിൽപ്പെടുകയോ സ്ഥാനം നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ ബംഗ്ലാവിലെ പുതിയ താമസക്കാരൻ മന്ത്രി ഒ ജെ ജനീഷാണ്.

തിരുവനന്തപുരം: ഏത് സർക്കാർ അധികാരത്തിലേറുമ്പോഴും ചിലർ ചോദിക്കുന്ന ചോദ്യമുണ്ട്, മന്ത്രി വസതികളിൽ ഭാഗ്യക്കേടിന് കുപ്രസിദ്ധി ചാർത്തിക്കിട്ടിയ മൻമോഹൻ ബംഗ്ലാവിൽ ആരായിരിക്കും താമസിക്കുകയെന്ന്. ഇത്തവണ അതിന് നറുക്ക് വീണിട്ടുള്ളത് വിഡ‍ിഎസ് ക്യാബിനറ്റിലെ ഏറ്റവും ബേബിയായ ഒ ജെ ജനീഷിനാണ്. മൻമോഹൻ ബംഗ്ലാവിൽ താമസിച്ചാൽ പിന്നെ നിയമസഭ കാണില്ലെന്നാണ് ചില കോണുകളിൽ ഉയരുന്ന പ്രചരണം. ശ്രീമൂലം തിരുനാളാണ് ഈ ബംഗ്ലാവ് പണികഴിപ്പിച്ചത്. പിന്നീട് ജനാധിപത്യം വന്നപ്പോൾ സർക്കാർ കെട്ടിടം ഏറ്റെടുത്തു. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ സമയത്താണ് ഈ മന്ത്രിമന്ദിരം വിവാദങ്ങളിൽ നിറയുന്നത്. ആദ്യം താമസിക്കാനെത്തിയത് കോടിയേരി ബാലകൃഷ്ണൻ. താമസം മാറിയെത്തിയതിന് പിന്നാലെ മന്ത്രി നടത്തിയ വൻ മോടിപിടിപ്പിക്കലാണ് മന്ത്രിമന്ദിരത്തെ വിവാദത്തിലാക്കിയത്. 17ലക്ഷത്തോളം രൂപ ചെലവിട്ട് കമ്മ്യൂണിസ്റ്റ് മന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് വലിയ വിവാദമായി.

Add Asianetnews as a Preferred SourcegooglePreferred

ഒടുവിൽ ബംഗ്ലാവുപേക്ഷിച്ച് കോടിയേരി പോയി. പിന്നാലെ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിള മൻമോഹൻ ബംഗ്ലാവിൽ താമസം തുടങ്ങി. ഭൂമിയിടപാട് ക്രമക്കേടുയർന്നതോടെ കുരുവിള രാജിവച്ചു. പകരം വന്ന മോൻസ് ജോസഫ് കുറച്ച് കാലം താമസിച്ചു, വിമാനയാത്ര വിവാദത്തിൽ നിന്ന് പിജെ ജോസഫ് കുറ്റവിമുക്തി നേടി തിരിച്ചെത്തിയപ്പോൾ മോൻസ് മന്ത്രി സ്ഥാനം ഒഴിഞ്ഞു. പിന്നെ കുറച്ച് കാലം പി ജെ ജോസഫ് മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചുവെങ്കിലും അദ്ദേഹം മുന്നണി വിട്ടതോടെ ബംഗ്ലാവ് വീണ്ടും ഒഴിഞ്ഞു.

2011ൽ ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോൾ ആര്യാടൻ മുഹമ്മദാണ് ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ച് വർഷം തികച്ച ശേഷമായിരുന്നു പടിയിറക്കം. 2016ൽ മന്ത്രിമന്ദിരത്തിലെത്തിയ തോമസ് ഐസക്കും അഞ്ച് വർഷം തികച്ചു. മുമ്പ് ഇറങ്ങിപ്പോയ പി ജെ ജോസഫാകട്ടെ 2011ലും 2016ലും ഇപ്പോൾ 2021ലും നിയമസഭയിലേക്ക് എത്തുകയും ചെയ്തു. ഒടുവിൽ 2021ൽ മന്ത്രിയായിരുന്ന സമയം ആന്‍റണി രാജുവാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചത്. ഒടുവിൽ തൊണ്ടിമുതൽ കേസിൽ അയോഗ്യനായി ആന്‍റണി രാജു പുറത്തേക്ക് പോവുകയായിരുന്നു.