വീരേന്ദര്‍ സെവാഗിനുശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് 32 കാരനായ കരുണ്‍ നായര്‍.
ബംഗലൂരു: കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ മലയാളി താരം കരുണ്‍ നായര്‍ തിരിച്ചുവരവിന്‍റെ പാതയില്‍. കര്‍ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്‍ മാംഗ്ലൂര്‍ ഡ്രാഗണ്‍സിനെതിരെ മൈസൂര്‍ വാരിയേഴ്സിന്‍റെ ക്യാപ്റ്റനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറിയുമായാണ് കരുണ്‍ നായര്‍ തന്‍റെ രണ്ടാം വരവ് ആഘോഷിച്ചത്.
48 പന്തില്‍ 13 ഫോറും ഒമ്പത് സിക്സും പറത്തിയ കരുണ്‍ നായര്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നു. 258.33 സ്ട്രൈക്ക് റേറ്റിലായിരുന്നു കരുണിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. കരുണിന്‍റെ പ്രകടനത്തിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മൈസൂർ വാരിയേഴ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ മാംഗ്ലൂര്‍ 14 ഓവറില്‍ 138-7ല്‍ നില്‍ക്കുമ്പോള്‍ മഴ എത്തിയതിനാല്‍ വി ജെ ഡി നിയമപ്രകാരം മൈസൂര്‍ 27 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിച്ചു.
വീരേന്ദര്‍ സെവാഗിനുശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് 32 കാരനായ കരുണ്‍ നായര്‍. 2016 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു കരുൺ നായര്‍ 381 പന്തില്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നത്. എന്നാല്‍ ട്രിപ്പിള്‍ അടിച്ചതിന് പിന്നാലെ നടന്ന ടെസ്റ്റില്‍ കരുണിന് ടീം കോംബിനേഷന്‍ കാരണം പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി കരിയറില്‍ അവസരം ലഭിച്ചെങ്കില്‍ തിളങ്ങാനാവാഞ്ഞതോടെ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് തിരിച്ചുവരവിന് ഒരു അവസരം സെലക്ടര്‍മാര്‍ നല്‍കിയതുമില്ല. ഐപിഎല്ലില്‍ 2022നുശേഷം ഒരു ടീമിലും ഇടമില്ലാതിരുന്ന കരുണ്‍ 2022ല്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു അവസാനം കളിച്ചത്.
എന്നാല്‍ കഴിഞ്ഞ ആറ് ഐപിഎല്‍ സീസണുകളില്‍ ആകെ എട്ട് മത്സരങ്ങളില്‍ മാത്രമാണ് കരുണ്‍ നായർക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. 2017ല്‍ അവസാന ടെസ്റ്റും 2022ല്‍ അവസാന ഐപിഎല്ലും കളിച്ച കരുണ്‍ 2022-2023 സീസണിലാണ് കര്‍ണാടക ടീമില്‍ പോലും അവസനാമായി ഇടം നേടിയത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയിലേക്ക് മാറിയ കരുണ്‍ 690 റണ്‍സ് നേടി തിളങ്ങിയിരുന്നു. ഇപ്പോള്‍ മഹാരാജാ ട്രോഫിയിൽ കൂടി മികച്ച പ്രകടനം നടത്തിയാല്‍ വീണ്ടും ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കരുണ്‍ നായര്‍. മഹാരാജ ട്രോഫിയില്‍ നാലു കളികളില്‍ 222 റണ്‍സുമായി റണ്‍വേട്ടയിലും ഒന്നാമതാണ് കരുണ്‍ നായരിപ്പോള്‍.
