വനിതാ ഏകദിന ലോകകപ്പിലെ ഒരു സെമി ഫൈനൽ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന.
തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്ന് സൂചന. വനിതാ ഏകദിന ലോകകപ്പിലെ ഒരു സെമി ഫൈനൽ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും തിരുവനന്തപുരത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാാഹമത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയായേക്കും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാനും ആലോചനയുണ്ട്. സുരക്ഷാപരമായ കാരണങ്ങളാല്‍ ബെംഗളൂരുവില്‍ മത്സരങ്ങള്‍ നടത്താനാവാത്തതിനാലാണിത്. ഐപിഎല്ലില്‍ ആര്‍സിബി കിരീടം നേടിയശേഷം നടത്തിയ വിജയാഘോഷത്തിനിടെ ചിന്നസ്വമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും അമ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനെതുടര്‍ന്ന് കര്‍ണാകട സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചിന്നസ്വാമി സ്റ്റേഡിയം വലിയ മത്സരങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ ഉദ്ഘാടന ചടങ്ങുകള്‍ അടക്കം മറ്റ് വേദികളിലേക്ക് മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായി. ക്രിക്കറ്റ് മത്സരത്തിനിടെയല്ല തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ചതെന്ന് സംസ്ഥാന അസോസിയേഷന്‍ വാദിച്ചെങ്കിലും സുരക്ഷാ ക്ലിയറന്‍സ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടകയിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ മഹാരാജ ട്രോഫി നടത്തുന്നതും സര്‍ക്കാര്‍ തടഞ്ഞിരുന്നു. വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണും കാര്യവട്ടം വേദിയാവും. ഇതിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ് സംവിധാനം ഉള്‍പ്പെടെ കഴിഞ്ഞ ദിവസം നവീകരിച്ചിരുന്നു.
സെപ്റ്റംബർ 30 മുതലാണ് വനിതാ ഏകദിന ലോകകപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ.വനിത ലോകകപ്പിൽ കന്നി കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യൻ ടീം ടൂർണമെന്‍റിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ബെഗംളൂരു ആയിരുന്നു വേദിയാവേണ്ടിയിരുന്നത്.


