സഞ്‌ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഈ പരമ്പര നിർണായകമാവുമെന്ന് ജയേഷ് ജോര്‍ജ്

തിരുവനന്തപുരം: ഈമാസം തുടങ്ങുന്ന ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സഞ്‌ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഈ പരമ്പര നിർണായകമാവുമെന്ന് ബിസിസിഐയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രതിനിധിയായ ജയേഷ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യയുടെ യുവനിര അഞ്ച് ഏകദിനങ്ങളാണ് കളിക്കുക. ഈമാസം 29 മുതൽ സെപ്റ്റംബർ എട്ട് വരെയാണ് മത്സരങ്ങൾ. പരമ്പരയ്‌ക്കായി രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനെ മനീഷ് പാണ്ഡേ നയിക്കും. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. സെപ്റ്റംബർ നാലിനും എട്ടിനും ശ്രേയസ് അയ്യരായിരിക്കും ടീമിന്‍റെ നായകൻ. വിക്കറ്റ് കീപ്പറായി സഞ്‌ജു സാംസണും ടീമിലെത്തും.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിതാരങ്ങളെല്ലാം പരമ്പരയ്‌ക്കായി കാര്യവട്ടത്തേക്കെത്തും. ശുഭ്‌മാൻ ഗിൽ, വിജയ് ശങ്കർ, അക്ഷർ പട്ടേൽ, യുസ്‍വേന്ദ്ര ചാഹൽ, ഷർദുൽ താക്കൂർ, ഖലീൽ അഹമ്മദ് തുടങ്ങിയവരെല്ലാം കാര്യവട്ടത്ത് കളിക്കും.