ടി20 ക്രിക്കറ്റില്‍ ഒരു അനാവശ്യ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്ത ശ്രീലങ്കന്‍ പേസന്‍ കശുന്‍ രജിത. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന മോശം റെക്കോഡാണ് രജിതയുടെ പേരിലായത്.

അഡ്‌ലെയ്ഡ്: ടി20 ക്രിക്കറ്റില്‍ ഒരു അനാവശ്യ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്ത ശ്രീലങ്കന്‍ പേസന്‍ കശുന്‍ രജിത. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന മോശം റെക്കോഡാണ് രജിതയുടെ പേരിലായത്. നാല് ഓവറില്‍ 75 റണ്‍സ് രജിത വഴങ്ങിയത്. തുര്‍ക്കിയുടെ തുനഹാന്‍ തുറാന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് രജിതയുടെ അക്കൗണ്ടിലായത്. ചെക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ 70 റണ്‍സാണ് തുറാന്‍ വഴങ്ങിയിരുന്നത്.

ഏഴ് ഫോറും ആറ് സിക്‌സുമാണ് രജിത വിട്ടുകൊടുത്തത്. മൂന്നാം ഓവറില്‍ മാത്രം 25 റണ്‍സ് പിറന്നു. ആദ്യ ഓവറില്‍ 11 റണ്‍സും രണ്ടാം ഓവറില്‍ 21 റണ്‍സും രജിത വഴങ്ങി. നാലാം ഓവര്‍ എറിയാനെത്തിയപ്പോള്‍ 18 റണ്‍സാണ് താരത്തിന്റെ ഓവറില്‍ പിറന്നത്. താരത്തിന്റെ ഒമ്പതാം ടി20 മത്സരമാണിത്. ഇത്രയും മത്സരങ്ങളില്‍ 10 വിക്കറ്റുകള്‍ 26കാരന്‍ സ്വന്തമാക്കി.

മത്സരത്തില്‍ ശ്രീലങ്ക 134 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.