Asianet News MalayalamAsianet News Malayalam

കോടികള്‍ കടന്ന് ജാമിസണ്‍ ആര്‍സിബിയില്‍; മെരെഡിത്ത് പഞ്ചാബിന്, ലബുഷെയ്‌നിനെ വാങ്ങാന്‍ ആളില്ല

ജാമിസണ്‍ ന്യൂസിലന്‍ഡിന് വേണ്ടി നാല് ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ മൂന്ന് വിക്കറ്റാണ് സമ്പാദ്യം. എന്നാല്‍  ടെസ്റ്റില്‍ മികച്ച റെക്കോഡാണ് താരത്തിന്.

Kayle Jamieson will play for RCB in next season of IPL
Author
Chennai, First Published Feb 18, 2021, 6:55 PM IST

ചെന്നൈ: അരങ്ങേറ്റ ഐപിഎല്ലിനൊരുങ്ങുന്ന ന്യൂസിലന്‍ഡ് യുവതാരം കെയ്ല്‍ ജാമിസണിന് കോടികള്‍. 15 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കിവീസിന്റെ പുത്തന്‍ സെന്‍സേഷനെ സ്വന്തമാക്കിയത്. ആര്‍സിബിക്കൊപ്പം കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവരാണ് ജാമിസണിന് വേണ്ടി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആര്‍സിബി ഏഴ് കോടി വിളിച്ചപ്പോള്‍ ഡല്‍ഹി പിന്മാറി. പിന്നീട് മത്സരം ആര്‍സിബിയും പഞ്ചാബും തമ്മിലായി. ഇരുവരും മത്സരിച്ച് വിളിച്ചപ്പോള്‍ തുക 15 കോടി വരെ പോയി. 

ജാമിസണ്‍ ന്യൂസിലന്‍ഡിന് വേണ്ടി നാല് ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ മൂന്ന് വിക്കറ്റാണ് സമ്പാദ്യം. എന്നാല്‍  ടെസ്റ്റില്‍ മികച്ച റെക്കോഡാണ് താരത്തിന്. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത്. 226 റണ്‍സും 36 വിക്കറ്റും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ താരത്തിന് പിന്നാലെ പോയതും ഇക്കാരണം കൊണ്ടുതന്നെ. 

ഇന്ന് 14 കോടിക്കപ്പുറം വിലവരുന്ന നാലാമത്തെ താരമാണ് ജാമിസണ്‍. നേരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് മോറിസ്, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കും 14 കോടിയില്‍ കൂടുതല്‍ ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വില ലഭിച്ച താരങ്ങളില്‍ രണ്ടാമനും ജാമിസണ്‍ തന്നെ. ക്രിസ് മോറിസാണ് (16.25) ഒന്നാമത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. മൂന്നാമനായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ചത്. അതിന് ശേഷം റിച്ചാര്‍ഡ്‌സണിനെ 14 കോടിക്കും പഞ്ചാബ് ടീമിലെത്തിച്ചു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുത്തന്‍ ഓള്‍റൗണ്ടര്‍ റിലി മെരെഡിത്ത് പഞ്ചാബിന് വേണ്ടി കളിക്കും. എട്ട് കോടിക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സും താരത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ പഞ്ചാബിന് മുന്നില്‍ പിന്മാറേണ്ടിവന്നു. മറ്റൊരു ഓസീസ് താരം മൊയ്‌സസ് ഹെന്‍ഡ്രിക്‌സും പഞ്ചാബിന് വേണ്ടി കളിക്കും. 4.20 കോടിക്കാണ് താരം പഞ്ചാബിലെത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ 50 ലക്ഷത്തിന് ചെന്നൈ ടീമിലെത്തിച്ചു. 

അതേസമയം റോവ്മാന്‍ പവല്‍, ഷോണ്‍ മാര്‍ഷ്, കോറി ആന്‍ഡേഴ്‌സണ്‍, ഡെവോണ്‍ കോണ്‍വെ, ഡാരന്‍ ബ്രാവോ, റസ്സി വാന്‍ ഡര്‍ ഡസ്സന്‍ എന്നിവരെ ആരും വാങ്ങിയില്ല. ഇതോടൊപ്പം ടോം കറന്‍, മര്‍നസ് ലബുഷെയ്ന്‍, വരുണ്‍ ആരോണ്‍, ഒഷാനെ തോമസ്, മോഹിത് ശര്‍മ, ബില്ലി സ്റ്റാന്‍ലേക്ക്, മിച്ചല്‍ മക്‌ക്ലെനാഘന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവരെ ഒരു ഫ്രാഞ്ചൈസിയും വിളിച്ചില്ല.

Follow Us:
Download App:
  • android
  • ios