കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവസരങ്ങൾ നൽകാനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് അവസരങ്ങള്‍ നല്‍കാനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ) പ്രഥമ ജൂനിയര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ത്രിദിന ക്രിക്കറ്റ് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 12ന് ആരംഭിച്ച് എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 19നാണു അവസാനിക്കുക. ജൂനിയര്‍ താരങ്ങള്‍ക്ക് ത്രിദിന ഫോര്‍മാറ്റുകളില്‍ അനായാസമായി കളിക്കാനുള്ള പരിശീലനം കൂടിയാണ് ടൂര്‍ണ്ണമെന്റ് ലക്ഷ്യം വയ്ക്കുന്നത്.

കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് (ഗ്രൗണ്ട് 1 & 2 ) തൊടുപുഴ, കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം എന്നീ മൂന്നു വേദികളില്‍ ഒരേസമയമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാര്‍ക്ക് മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുക. സംസ്ഥാനത്തെ ആറ് ക്ലബുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് - തിരുവനന്തപുരം, ത്രിപ്പുണ്ണിത്തറ ക്രിക്കറ്റ് ക്ലബ് - എറണാകുളം, സസക്‌സ് ക്രിക്കറ്റ് ക്ലബ് - കോഴിക്കോട്, ആര്‍എസ്‌സി - എസ്ജി ക്രിക്കറ്റ് സ്‌കൂള്‍ - എറണാകുളം, അത്രേയ ക്രിക്കറ്റ് ക്ലബ് - തൃശൂര്‍, വിന്റേജ് ക്രിക്കറ്റ് ക്ലബ് - കോട്ടയം തുടങ്ങിയ 6 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

ജൂനിയര്‍ താരങ്ങള്‍ക്ക് കേരള ക്രിക്കറ്റിലേയ്ക്ക് കടന്നുവരാനുള്ള ചവിട്ടുപടിയായിട്ടാണ് ജൂനിയര്‍ ക്ലബ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെ.സിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ടി20 നല്‍കുന്ന ലഹരിക്കപ്പുറം യുവതാരങ്ങളെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേയ്ക്കും അനായാസമായി കളിക്കാന്‍ പാകപ്പെടുത്തി എടുക്കാന്‍ വേണ്ടിയാണ് ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ യൂ ട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

YouTube video player