ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ ഓവറിൽ തുടരെയുള്ള പന്തുകളിൽ ജലജ് സക്സേനയെയും (2) സച്ചിൻ ബേബിയെയും (0) പുറത്താക്കി ഹരികൃഷ്ണനാണ് ആലപ്പിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
തിരുവനന്തപുരം: കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്.ആറ് വിക്കറ്റിനായിരുന്നു കാലിക്കറ്റിന്‍റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സ്പിന്നർ ഹരികൃഷ്ണന്റെയും തകർപ്പൻ പ്രകടനമാണ് കാലിക്കറ്റിന് വിജയമൊരുക്കിയത്. രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോര്‍: ആലപ്പി റിപ്പിൾസ് - 19.3 ഓവറിൽ 131/10, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് - 16.5 ഓവറിൽ 135/4
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ ഓവറിൽ തുടരെയുള്ള പന്തുകളിൽ ജലജ് സക്സേനയെയും (2) സച്ചിൻ ബേബിയെയും (0) പുറത്താക്കി ഹരികൃഷ്ണനാണ് ആലപ്പിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (1) അഖിൽ സ്കറിയ പുറത്താക്കിയതോടെ നാല് വിക്കറ്റിന് 16 റൺസെന്ന നിലയിലായിരുന്നു റിപ്പിൾസ്. പിന്നീടെത്തിയ ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർക്കും തിളങ്ങാനായില്ല. അവസാന ഓവറുകളിൽ അഭിജിത് പ്രവീൺ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് ആലപ്പിയെ മാന്യമായ സ്കോറിലെത്തിച്ചത്. 17 പന്തുകളിൽ നാല് ഫോറും ഒരു സിക്സുമടക്കമാണ് ആഷിഖ് 33 റൺസ് നേടിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹരികൃഷ്ണനാണ് കാലിക്കറ്റിന് വേണ്ടി തിളങ്ങിയത്. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് തുടക്കത്തിൽ തന്നെ കെ.എസ്. അരവിന്ദിന്‍റെയും (2) വരുൺ നായനാരുടെയും (1) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാമതായി ഒത്തുചേർന്ന ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രോഹൻ കുന്നുമ്മൽ ആഞ്ഞടിച്ച് മുന്നേറിയപ്പോൾ അഖിൽ സ്കറിയ കരുതലോടെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സുമടക്കം 94 റൺസെടുത്ത രോഹൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്തായത്. ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച രോഹൻ അജിനാസ് എറിഞ്ഞ 12-ാം ഓവറിൽ തുടരെ നാല് സിക്സുകളാണ് നേടിയത്. അഖിൽ സ്കറിയ 31 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിക്ക് വേണ്ടി ജലജ് സക്സേന രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
