കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും കേരള ക്രിക്കറ്റ് ലീഗ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിൽ അരങ്ങേറും. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം.സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിന് ഇന്ന് തുടക്കം. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ആരാധകർക്കായി ഒരുക്കുന്ന ഈ 'ക്രിക്കറ്റ് ഓണം' ഗ്രീൻഫീൽഡിനെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി മാറ്റും.ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.
കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിൽ അരങ്ങേറും. ചടങ്ങിൽ കെസിഎ പ്രസിഡൻ്റ് അഡ്വ.ശ്രീജിത്ത് വി നായർ , കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
രാത്രി 7.30 ന് രണ്ടാം മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മിലാണ് പോരാട്ടം നടക്കുക. ഇത്തവണത്തെ കിരീടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനായി ഇന്ന് മുതൽ സ്റ്റേഡിയത്തിൽ ഫാൻ വില്ലേജും ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം ഒരുക്കിയിരിക്കുന്ന ഫാൻ വില്ലേജിലേക്ക് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ അഞ്ച് വരെ പ്രവർത്തിക്കുന്ന ഫാൻ വില്ലേജിൽ കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ എന്നിവയ്ക്ക് പുറമെ ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകളും ബാറ്റൺ ക്യാച്ചർ, ഭീമൻ കണക്റ്റ്-4 തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്. ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വിപുലമായ ഭക്ഷണശാലകളും വർണ്ണാഭമായ ദീപാലങ്കാരങ്ങളും ഫാൻ വില്ലേജിന് മാറ്റുകൂട്ടും.


