പ്രിറ്റോറിയ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പുതുമുഖ താരം കീഗന്‍ പീറ്റേഴ്‌സണെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. പരിക്കേറ്റ എയ്‌ഡന്‍ മര്‍ക്രാമിന് പകരമാണ് പീറ്റേഴ്‌സണെ ടീമിലുള്‍പ്പെടുത്തിയത്. കേപ്‌ടൗണില്‍ ജനുവരി മൂന്നാം തിയതിയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 

ഇരുപത്തിയാറുകാരനായ താരം കഴിഞ്ഞ ആഴ്‌ച പരിശീലന മത്സരത്തില്‍ സൗത്താഫ്രിക്ക എയ്‌ക്കായി 111 റണ്‍സ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 88 മത്സരങ്ങള്‍ കളിച്ച താരത്തിന് 40.66 ശരാശരിയാണുള്ളത്. 149 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളില്‍ നിന്ന് 15 സെഞ്ചുറിയും 5,490 റണ്‍സും പീറ്റേഴ്‌സണുണ്ട്. 

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റതാണ് എയ്‌ഡന്‍ മര്‍ക്രാമിന് തിരിച്ചടിയായത്. താരം ഈയാഴ്‌ച ദിവസം ശസ്‌ത്രക്രിയക്ക് വിധേയനാകും എന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ മര്‍ക്രാമിന് കളിക്കാനാവില്ല. പീറ്റര്‍ മലാന്‍ സ്‌ക്വാഡിലുള്ളതിനാല്‍ മൂന്നാം നമ്പര്‍ താരമായ പീറ്റേഴ്‌സണ് അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല. മാത്രമല്ല, പരിക്കേറ്റ മധ്യനിര താരം തെംബാ ബാവുമ കേപ്‌ടൗണ്‍ ടെസ്റ്റില്‍ തിരിച്ചെത്തും എന്നാണ് കരുതപ്പെടുന്നത്.