ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി ബംഗാളിനെ കറക്കിയിട്ട ജലജ് സക്സേന തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ബംഗാളിനെ വട്ടം കറക്കിയത്. 95 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ജലജ മത്സരത്തിലാകെ ഇതുവരെ 13 വിക്കറ്റുകളാണ് പിഴുതത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ബംഗാള്‍ മത്സരം ആവേശന്ത്യത്തിലേക്ക്. 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയിലാണ്. 71 റണ്‍സുമായി ഷഹബാസ് അഹമ്മദും 38 റണ്‍സോടെ കരണ്‍ ലാലും ക്രീസില്‍. 65 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍, 16 റണ്‍സെടുത്ത അനുസ്തൂപ് മജൂംദാര്‍, 28 റണ്‍സെടുത്ത അഭിഷേക് പോറല്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനോജ് തിവാരി എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ബംഗാളിന് നഷ്ടമായത്. നാലു വിക്കറ്റ് ശേഷിക്കെ ബംഗാളിന് ജയിക്കാന്‍ 135റണ്‍സ് കൂടി വേണം.

അര്‍ധസെഞ്ചുറി നേടി ഭീഷണി ഉയര്‍ത്തിയ അഭിമന്യു ഈശ്വരനെ ജലജ് സക്സേന ബേസില്‍ തമ്പിയുടെ കൈകളിലെത്തിച്ചപ്പോള്‍ അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ മടക്കി. അഭിഷേക് പോറലിനെ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍ ബംഗാളിന്‍റെ തകര്‍ച്ച വേഗത്തിലാക്കി. ക്യാപ്റ്റന്‍ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ബംഗാളിനെ മത്സരത്തില്‍ നിലനിര്‍ത്തി. 35 റണ്‍സെടുത്ത തിവാരിയെ ജലജ് സക്സേന പുറത്താക്കി മത്സരത്തിലെ 13-ാം വിക്കറ്റ് സ്വന്തമാക്കിയെങ്കിലും എട്ടാമനായി എത്തിയ കരണ്‍ ലാലിനൊപ്പം ഷഹബാസ് പൊരുതിയത് ബംഗാളിന് സാധ്യത തുറന്നു. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷഹബാസ്-കരണ്‍ ലാല്‍ സഖ്യം ഇതുവരെ 70 റണ്‍സടിച്ചിട്ടുണ്ട്.

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നിലേറ്റു, കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിത്തരിച്ച് ആരാധകര്‍

ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി ബംഗാളിനെ കറക്കിയിട്ട ജലജ് സക്സേന തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ബംഗാളിനെ വട്ടം കറക്കിയത്. 95 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ജലജ മത്സരത്തിലാകെ ഇതുവരെ 13 വിക്കറ്റുകളാണ് പിഴുതത്. ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കേരളത്തിന് സീസണില്‍ ഇതുവരെ വിജയം നേടാനായിട്ടില്ല.

ഇന്നലെ 183 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ രോഹന്‍ കുന്നുമ്മലും(51) സച്ചിന്‍ ബേബിയും(51) ശ്രേയസ് ഗോപാലിനും(50*) പുറമെ അക്ഷയ് ചന്ദ്രനും(36) ജലജ് സക്സേനയും(37) കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ മധ്യനിരയില്‍ ബാറ്റിംഗിന് ഇറങ്ങുമെന്ന് കരുതിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങാത്തത് ആരാധകര്‍ക്ക് നിരാശയായി. എട്ടാമനായി ബേസില്‍ തമ്പി വന്നിട്ടും സഞ്ജു ബാറ്റിംഗിനെത്തിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക