സി.കെ. നായിഡു ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 165 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സര്‍വാശീഷ് സിങ്ങിന്റെ ബൗളിംഗാണ് കേരളത്തെ തകര്‍ത്തത്.
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 165 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സര്‍വാശീഷ് സിങ്ങിന്റെ മികച്ച ബൗളിങ്ങാണ് കേരളത്തെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീര്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മികച്ച കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. 11 റണ്‍സെടുത്ത ഓപ്പണര്‍ കൃഷ്ണ നാരായണിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് രോഹന്‍ നായരും വരുണ്‍ നായനാരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇരുവരും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. വരുണ്‍ 32 റണ്‍സും രോഹന്‍ 24 റണ്‍സുമാണ് നേടിയത്.
മധ്യനിരയില്‍ അഹ്മദ് ഇമ്രാന്‍ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണു. ഷോണ്‍ റോജര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 17 റണ്‍സെടുത്ത് പുറത്തായി. മാനവ് കൃഷ്ണ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായപ്പോള്‍ പവന്‍ ശ്രീധറിന് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അഭിജിത് പ്രവീണും അഹ്മദ് ഇമ്രാനും ചേര്‍ന്നുള്ള 48 റണ്‍സ് കൂട്ടുകെട്ടാണ് വലിയൊരു തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റിയത്. എന്നാല്‍ 43 റണ്‍സെടുത്ത അഹ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. അഭിജിത് പ്രവീണ്‍ 24 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ആദിത്യ ബൈജു ഒരു റണ്ണും, ജെ.എസ്. അനുരാജ് രണ്ട് റണ്‍സും നേടി പുറത്തായി. ജമ്മു കശ്മീരിനായി സര്‍വാശീഷ് സിങ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിശാല്‍ കുമാറും ബാസിത് ബഷീറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിനായി ഓപ്പണര്‍മാരായ കമക്ഷ് ശര്‍മ്മയും ബാസിത് നസീറും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കമക്ഷ് 41ഉം ബാസിത് നസീര്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ജമ്മു കശ്മീര്‍ രണ്ട് വിക്കറ്റിന് 70 റണ്‍സെന്ന നിലയിലാണ്.

