വയനാട്ടില്‍ നിന്ന് ഇന്നലെ ആഘോഷപൂര്‍വമാണ് കുട്ടികളെ കൊച്ചിയിലേക്ക് യാത്രയാക്കിയത്.

കൊച്ചി: ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ മത്സരത്തില്‍ താരങ്ങളുടെ കൈ പിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരത്തിലാണ് വയനാട്ടിലെ കുട്ടികളും ഭാഗമാകുന്നത്. കുട്ടികള്‍ക്കായി എംഇഎസിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയും ഒരുക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്‌സിയും തമ്മിലുള്ള ആദ്യ മത്സരത്തിലാണ് ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും വിദ്യാര്‍ത്ഥികളും ഭാഗമാകുന്നത്. പ്രദേശത്തെ 24 കുട്ടികള്‍ താരങ്ങളുടെ കൈപിടിച്ച് കൊച്ചിയിലെ മൈതാനത്ത് ഇറങ്ങും. 

വയനാട്ടില്‍ നിന്ന് ഇന്നലെ ആഘോഷപൂര്‍വമാണ് കുട്ടികളെ കൊച്ചിയിലേക്ക് യാത്രയാക്കിയത്. 8 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളാണ് ഫുട്‌ബോള്‍ മത്സരത്തിന് എത്തുന്നത്. ടിവിയില്‍ കാണുന്ന മത്സരത്തില്‍ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും. ഓരോ കുട്ടിക്കും ഒപ്പം മാതാപിതാക്കളില്‍ ഒരാളും ഒപ്പം ഉണ്ട്. എംഇഎസും ഫ്യൂച്ചര്‍ ഐസ് ആശുപത്രിയും ചേര്‍ന്ന് ഓണ പരിപാടിയും കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഓണപ്പുടവയും നല്‍കും.

മനം നിറച്ച് സഞ്ജു മടങ്ങി! ഏകദിന ശൈലിയില്‍ ബാറ്റിംഗ്, പിറന്നത് മൂന്ന് വീതം സിക്‌സും ഫോറും- വീഡിയോ കാണാം

വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് അടിക്കുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്നും ടീം പ്രഖ്യാപിച്ചിട്ടുണ്ട്.