വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിന് മൂന്നം ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ജമ്മു കശ്മീരിനെ 94റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ജമ്മുവിന്റെ മറുപടി ബാറ്റിങ് 14.2 ഓവറില്‍ 65 റണ്‍സിന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എസ്. മിഥിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിനൂപും നിതീഷുമാണ് ജമ്മുവിനെ തകര്‍ത്തത്. 

നേരത്തെ ബാറ്റിങ്ങിലും കരുത്തായത് വിനൂപിന്റെ (52) ബാറ്റിങ്ങാണ്. മുഹമ്മദ് അസറുദ്ദീന്‍ (32) മികച്ച പിന്തുണ നല്‍കി. വിഷ്ണു വിനോദ് (23), സല്‍മാന്‍ നിസാര്‍ (പുറത്താവാതെ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അരുണ്‍ കാര്‍ത്തിക് (1), രോഹന്‍ പ്രേം (4), സച്ചിന്‍ ബേബി (14), ബേസില്‍ തമ്പി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സല്‍മാനൊപ്പം നിതീഷ് (0) പുറത്താവാതെ നിന്നു. ജമ്മുവിന് വേണടി ഇര്‍ഫാന്‍ പഠാന്‍, പര്‍വേസ് റസൂല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ജതിന്‍ വധ്വാന്‍ (24) , ഇര്‍ഫാന്‍ പഠാന്‍ (10) എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. മിഥുന്, വിനൂപ് എന്നിവര്‍ക്ക് പുറമെ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് എയില്‍ നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച കേരളം മൂന്നാമതാണ്.