ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളം ഒന്‍പത് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ജമ്മു കശ്മീരിനെ 101 റൺസിൽ ഒതുക്കിയ കേരളം, പ്രണവി ചന്ദ്രയുടെ (51) അർദ്ധ സെഞ്ച്വറിയുടെ മികവിൽ 16.5 ഓവറിൽ ലക്ഷ്യം മറികടന്നു. 

തിരുവനന്തപുരം: ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റ് വിജയം. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവന്‍ദീപ് കൌറും രുഖിയ അമീനും ചേര്‍ന്ന് മികച്ച തുടക്കമാണ് കശ്മീരിന് നല്കിയത്.

ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെയുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിന്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്. ബവന്‍ദീപ് കൌര്‍ 34ഉം റഉഖിയ അമീന്‍ 16ഉം റണ്‍സ് നേടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ജസിയയെ സജന സജീവന്‍ റണ്ണൌട്ടാക്കിയപ്പോള്‍ റുബിയ സയ്യദിനെ ആശയും പുറത്താക്കി. അവസാന ഓവറുകളില്‍ 14 പന്തുകളില്‍ 20 റണ്‍സെടുത്ത ചിത്ര സിങ്ങാണ് കശ്മീരിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും സലോണി ഡങ്കോര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ആശ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും പ്രണവി ചന്ദ്രയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. അനായാസം സ്‌കോര്‍ മുന്നോട്ടു നീക്കിയ ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയത്തിന് ഒന്‍പത് റണ്‍സകലെ 51 റണ്‍സെടുത്ത പ്രണവി പുറത്തായി. തുടര്‍ന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്ന ഷാനിയും അക്ഷയയും ചേര്‍ന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.48 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കമാണ് പ്രണവി 51 റണ്‍സ് നേടിയത്.

YouTube video player