ഏഷ്യൻ ഗെയിംസിനായി പുറപ്പെടുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് കൃത്യമായ വലിപ്പത്തിലുള്ള ജഴ്‌സികൾ ലഭിക്കാത്തത് പ്രതിസന്ധിയായി. കൂടാതെ, സംഘാടകർ നൽകിയ മുറികളിൽ സ്ഥലപരിമിതി ഉള്ളതിനാൽ ബിസിസിഐ ടീമിനായി പ്രത്യേക താമസസൗകര്യം ഒരുക്കി. കിറ്റ് പ്രശ്‌നങ്ങൾ മറ്റ് ചില ഇന്ത്യൻ അത്ലറ്റുകളെയും ബാധിച്ചിട്ടുണ്ട്.

ദില്ലി: ഏഷ്യന്‍ ഗെയിംസിനായി പുറപ്പെടാനിരിക്കുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ജഴ്‌സി വലിപ്പത്തിലെ പ്രശ്‌നങ്ങള്‍. കൃത്യമായ വലിപ്പത്തിലുള്ള ഒഫീഷ്യല്‍ കിറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് സ്‌പോണ്‍സറായ ജെഎസ്ഡബ്ല്യു ഇന്‍സ്പയറും തമ്മില്‍ സംസാരം നടന്നിട്ടുണ്ട്. ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചതായും ഏതാനും താരങ്ങള്‍ കൂടി കിറ്റുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് ജപ്പാനിലേക്ക് തിരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

ജപ്പാനില്‍ വെച്ച് താരങ്ങള്‍ രണ്ട് വ്യത്യസ്ത ജഴ്‌സികള്‍ ഉപയോഗിക്കും. സെപ്റ്റംബര്‍ 22ന് ജപ്പാനുമായുള്ള ഏക ടി20 മത്സരത്തില്‍ ടീം തങ്ങളുടെ സാധാരണ ജഴ്‌സി ധരിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 28-ന് ക്വാര്‍ട്ടര്‍ ഫൈനലോടെ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ ഔദ്യോഗിക ഗെയിംസ് ജഴ്‌സിയിലേക്കും മാറും. കിറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ മറ്റ് ഇന്ത്യന്‍ അത്ലറ്റുകളെയും ബാധിച്ചിരുന്നു. ഒഫീഷ്യല്‍ കിറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഷൂട്ട് പുട്ട് താരം തജീന്ദര്‍പാല്‍ സിംഗ് തൂറിന് ഉദ്ഘാടനച്ചടങ്ങിന്റെ ഫ്‌ലാഗ് ബെയറര്‍ പദവി നഷ്ടമായിരുന്നു. അദ്ദേഹത്തിന് പകരം കബഡി താരം പവന്‍ സെഹ്‌റാവത്തിനെ പദവിയിലേക്ക് തിരഞ്ഞെടുത്തു.

സംഘാടകര്‍ നല്‍കിയ മുറികളില്‍ കിറ്റ് ബാഗുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന്, പുരുഷ ക്രിക്കറ്റ് ടീമിനായി ബിസിസിഐ നഗോയില്‍ പ്രത്യേക താമസ സൗകര്യം ഒരുക്കുകയും ചെയ്തു. എന്നാല്‍ വനിതാ ക്രിക്കറ്റ് ടീം ഐഒഎ ഒരുക്കിയ താമസസ്ഥലത്ത് തന്നെയാണ് തുടരുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീം നാളെ നടക്കുന്ന സെമിഫൈനലില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുകയാണ്.

സെപ്റ്റംബര്‍ 24നാണ് പുരുഷ വിഭാഗം മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എ-യിലെ റണ്ണേഴ്‌സ് അപ്പിനെയാണ് ഇന്ത്യ നേരിടുക. 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യന്‍ പുരുഷ ടീം.

YouTube video player