ലഖ്‌നൗവിൽ നടന്ന ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ സിക്കിമിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സിക്കിം 94 റൺസെടുത്തപ്പോൾ, കിരൺ നവ്ഗിരെയുടെ തകർപ്പൻ ബാറ്റിങ് മികവിൽ കേരളം ലക്ഷ്യം കണ്ടു.

ലഖ്‌നൗ : ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സിക്കിമിനെ ആറ് വിക്കറ്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിക്കിം നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ആഷ്‌ന പട്ടീദാര്‍ മാത്രമാണ് തിളങ്ങിയത്. ആഷ്‌ന 53 പന്തുകളില്‍ 55 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി നിയ നസ്‌നീന്‍, സജന സജീവന്‍, ടി. ഷാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍ കിരണ്‍ നവ്ഗിരെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അനായാസ വിജയം സമ്മാനിച്ചത്. 21 പന്തുകളില്‍ 44 റണ്‍സാണ് കിരണ്‍ നേടിയത്. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിരണ്‍ നവ്ഗിരെയുടെ ഇന്നിങ്‌സ്. എ അക്ഷയ 27 റണ്‍സുമായി പുറത്താകാതെ നിന്നു.