ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലകനിരയിൽ വൻ അഴിച്ചുപണി നടത്തി. ദീർഘകാലമായി ടീമിനൊപ്പമുണ്ടായിരുന്ന മൈക്ക് ഹസ്സി, സ്റ്റീഫൻ ഫ്ലെമിംഗ് തുടങ്ങിയ പ്രമുഖർ പടിയിറങ്ങി. സഹീർ ഖാൻ, മോഹിത് ശർമ്മ എന്നിവരുൾപ്പെടുന്ന പുതിയ പരിശീലക സംഘത്തെ സിഎസ്‌കെ നിയമിച്ചു.
ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി ടീമിന്റെ സഹപരിശീലകനിരയില്‍ വലിയ മാറ്റങ്ങളുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ദീര്‍ഘകാലമായി ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയുമായി അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിരിഞ്ഞു. എട്ട് വര്‍ഷം നീണ്ട ബാറ്റിംഗ് കോച്ച് എന്ന ചുമതലയില്‍ നിന്നാണ് 'മിസ്റ്റര്‍ ക്രിക്കറ്റ്' പടിയിറങ്ങുന്നത്.
2008ല്‍ ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കളിക്കാരനായി സി.എസ്.കെയുടെ ഭാഗമായിരുന്ന ഹസ്സി, ആറ് സീസണുകളില്‍ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങി. തുടര്‍ന്ന് 2018-ലാണ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗിനൊപ്പം ബാറ്റിംഗ് കോച്ചായി ഹസ്സി വീണ്ടും ടീമിലെത്തുന്നത്. ഹസ്സിയുടെ പരിശീലനത്തിന് കീഴില്‍ 2018, 2021, 2023 വര്‍ഷങ്ങളില്‍ ചെന്നൈ ഐ.പി.എല്‍ കിരീടം ചൂടിയിരുന്നു.
ഹസ്സിയുടെ സേവനങ്ങള്‍ക്ക് വൈകാരികമായ യാത്രയയപ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നല്‍കിയത്... '2008-ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ് നിങ്ങള്‍. നേടിയ റണ്ണുകളിലും കളിക്കാര്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും മാത്രമല്ല, വര്‍ഷങ്ങളായി ഈ ഫ്രാഞ്ചൈസിയോട് കാണിച്ച സമര്‍പ്പണത്തിലാണ് മഞ്ഞക്കുപ്പായത്തിലെ നിങ്ങളുടെ യാത്ര അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ ചരിത്രത്തില്‍ നിങ്ങളുടെ സ്ഥാനം എന്നും പ്രത്യേകതയുള്ളതായിരിക്കും. ഒരിക്കല്‍ സൂപ്പര്‍ കിംഗ് ആണെങ്കില്‍, എന്നും സൂപ്പര്‍ കിംഗ് തന്നെയാണ്.'
മറ്റ് പ്രമുഖരും പുറത്തേക്ക്
ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് സ്റ്റീഫന്‍ ഫ്‌ലെമിംഗ് മാറിയ ഒഴിവിലേക്ക് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനെ സിഎസ്‌കെ പുതിയ ഹെഡ് കോച്ചായി നിയമിച്ചിരുന്നു. 2022 മുതല്‍ 2024 വരെ സറെയേ തുടര്‍ച്ചയായി മൂന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളിലേക്ക് നയിച്ച ഗാരെത് ബാറ്റിയാണ് പുതിയ അസിസ്റ്റന്റ് കോച്ച്.
ഹസ്സിയെക്കൂടാതെ 2018 മുതല്‍ ടീമിനൊപ്പമുണ്ടായിരുന്ന ബൗളിംഗ് കോച്ച് എറിക് സിമ്മണ്‍സ്, ഫീല്‍ഡിംഗ് കോച്ച് ജെയിംസ് ഫോസ്റ്റര്‍, അസിസ്റ്റന്റ് കോച്ച് രാജീവ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസെക്, ട്രെയിനര്‍ ഗ്രെഗ് കിംഗ് എന്നിവരും സിഎസ്‌കെ വിട്ടു. മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ്മയാണ് ചെന്നൈയുടെ പുതിയ ബൗളിംഗ് കോച്ച്.





