ശ്രീകണ്ഠീരവയില്‍ ഏറ്റുമുട്ടിയ കണക്കിലേക്ക് നോക്കിയാലും നിരാശ. ബംഗളൂരുവാണെങ്കില്‍ തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍. അവസാന എട്ട് കളിയിലും ജയം. 19 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ആറ് ഗോള്‍ മാത്രം.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. ആദ്യ പ്ലേ ഓഫില്‍ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ബംഗളൂരുവില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പോരിനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ആശങ്കകളാണ് കൂടുതല്‍. എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ അവസാന അഞ്ച് കളിയിലും ബ്ലാസ്റ്റേഴ്‌സ് തോറ്റു. 

ശ്രീകണ്ഠീരവയില്‍ ഏറ്റുമുട്ടിയ കണക്കിലേക്ക് നോക്കിയാലും നിരാശ. ബംഗളൂരുവാണെങ്കില്‍ തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍. അവസാന എട്ട് കളിയിലും ജയം. 19 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ആറ് ഗോള്‍ മാത്രം. അവസാന മൂന്ന് കളിയും തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഇവാന്‍ കലിയൂഷ്‌നിയുടെ സസ്‌പെന്‍ഷന്‍ പ്ലേ ഓഫില്‍ തിരിച്ചടിയാവും. മുന്നേറ്റത്തില്‍ ദിമിത്രോസ് ഡയമന്റക്കോസ് പലപ്പോഴും ഒറ്റപ്പെടുന്നു. മധ്യനിരയ്ക്കും ഒത്തിണക്കത്തിലേക്ക് എത്താനായിട്ടില്ല. 

ഇതിനേക്കാള്‍ പ്രതിരോധനിരയുടെ ദൗര്‍ബല്യങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്നത്. ഇരുപത്തിയെട്ട് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് ഇത്രയും ഗോള്‍ വഴങ്ങുകയും ചെയ്തു. പ്ലേഓഫില്‍ കളിമാറുമെന്നാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് അവകാശപ്പെടുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ബംഗളൂരുവിനുണ്ട്. ആദ്യപാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പം. രണ്ടാംപാദത്തില്‍ ബംഗളൂരു ഒറ്റഗോളിന് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി. 

ഇതോടെ ഇരുടീമുകളുടേയും ആരാധകര്‍ ഗാലറിയില്‍ ഏറ്റുമുട്ടുകയും ചെയ്തു. നാളെ പ്ലേ ഓഫില്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളത്തിനകത്തും പുറത്തും ഒരുപോലും പോരാട്ടച്ചൂട് നിറയുമെന്നുറപ്പ്. സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇരു ടീമുകളുടെ ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും പ്രതിജ്ഞാബന്ധമാണ് എന്നും ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റില്‍ പറയുന്നു.

വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് നയിക്കും; ആദ്യ മത്സരം ഗുജറാത്ത് ജയന്റ്‌സിനെതിരെ