വിജയ് ഹസാരെ ട്രോഫിയില്‍ നാളെ ഹാമാചലിനെതിരെ നടക്കുന്ന മത്സരത്തിലും എട്ടിന് പഞ്ചാബിനെതിരെ നടക്കുന്ന മത്സരങ്ങത്തിനുമുള്ള മുംബൈ ടീമില്‍ ശ്രേസയിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കും. മുംബൈ ക്യാപ്റ്റനായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിന് പരിക്കേറ്റതോടെയാണ് ശ്രേയസിനെ വീണ്ടും ക്യാപ്റ്റനാക്കിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ശ്രേയസ് രണ്ട് മാസത്തോളമായി വിശ്രമത്തിലായിരുന്നു. ന്യൂസിലന്‍ഡിനെതിരെ അടുത്ത ആഴ്ച തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ശ്രേയസിനെ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മുംബൈയുടെ നായകനായും ശ്രേസയിനെ നിയോഗിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ നാളെ ഹാമാചലിനെതിരെ നടക്കുന്ന മത്സരത്തിലും എട്ടിന് പഞ്ചാബിനെതിരെ നടക്കുന്ന മത്സരങ്ങത്തിനുമുള്ള മുംബൈ ടീമില്‍ ശ്രേസയിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കു മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനും ഈ മത്സരങ്ങളിലൂടെ ശ്രേയസിന് കഴിയുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തെങ്കിലും ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ ശ്രേയസിനെ കളിപ്പിക്കൂവെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സീസണില്‍ മുംബൈ നായകനായ ഷാര്‍ദ്ദുല്‍ താക്കൂര്‍ രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ അഞ്ച് കളികളിലും ടീമിനെ നയിച്ചിരുന്നു. എന്നാല്‍ തുടയിലേറ്റ പരിക്കുമൂലം ഷാര്‍ദ്ദുലിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ മുംബൈ നിര്‍ബന്ധിതരായത്. ശ്രേയസിന് പുറമെ ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവും ടി20 ലോകകപ്പിനുള്ള ടീമിലുള്‍പ്പെട്ട ശിവം ദുബെയും വിജയ് ഹസാരെ ട്രോഫിയിലെ മുംബൈയുടെ അവസാന രണ്ട് കളികളിലും കളിക്കുമെന്നാണ് കരുതുന്നത്.


