തിരുവനന്തപുരം: രാജസ്ഥാനെതിരായ നിര്‍ണായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം തകര്‍ന്നു. തുമ്പയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 90ന് എല്ലാവരും പുറത്തായി. സുരിന്ദര്‍ കുമാര്‍ ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കേരളത്തെ തകര്‍ത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 69 എന്ന നിലയിലാണ്. ഇന്ത്യയുടെ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലായതിനാല്‍ സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. 

18 റണ്‍ നേടിയ രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന (11), സല്‍മാന്‍ നിസാര്‍ (11), അഭിഷേക് മോഹന്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റ്‌സ്മാന്മാര്‍. വിഷ്ണു വിനോദ് (0), രോഹന്‍ കുന്നുമ്മല്‍ (8), സച്ചിന്‍ ബേബി (6), മുഹമ്മദ് അസറുദ്ദീന്‍ (1), അക്ഷയ് ചന്ദ്രന്‍ (6), എം ഡി നിതീഷ് (9) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. കെ സി അക്ഷയ് (0) പുറത്താവാതെ നിന്നു. അഞ്ച് വിക്കറ്റ് നേടിയ ശര്‍മയ്ക്ക് പുറമെ എ ആര്‍ ഗുപ്ത രണ്ട് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ മനേന്ദര്‍ സിങ് (0), മഹിപാല്‍ ലോംറോര്‍(1) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. യഷ് കോത്താരി (27), രാജേഷ് ബിഷ്‌ണോയ് (36) എന്നിവരാണ് ക്രീസില്‍. ജലജ് സക്‌സേനയാണ് കേരളിന് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത്.