ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പുറത്തായി. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. മഴയെ തുടര്‍ന്ന് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ശുഭം സിങ്ങിന്റെ മികച്ച ഇന്നിങ്‌സാണ് സിഎജി ടീമിന് വിജയം സമ്മാനിച്ചത്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ തോല്‍പ്പിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീം സെമിഫൈനലിലേക്ക് മുന്നേറി. അഞ്ച് വിക്കറ്റിനായിരുന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 24 ഓവറില്‍ 201 റണ്‍സായി പുതുക്കി നിശ്ചയിച്ച മത്സരത്തില്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീം വിജയത്തിലെത്തി. കേരളം 50 ഓവറില്‍ 331/8, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീം - 23.3 ഓവറില്‍ 205/5.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രോഹന്‍ കുന്നുമ്മലും കൃഷ്ണപ്രസാദും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. കൃഷ്ണപ്രസാദ് 22ഉം രോഹന്‍ 45ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയവരും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ കേരളത്തിന്റെ സ്‌കോര്‍ 300 കടന്ന് മുന്നേറി. അഹ്മദ് ഇമ്രാന്‍ 65ഉം ഷോണ്‍ റോജര്‍ 44 റണ്‍സും നേടി. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്‍ന്ന മുഹമ്മദ് അസറുദ്ദീന്‍ 29 പന്തുകളില്‍ 40ഉം ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ 61 പന്തുകളില്‍ 75ഉം റണ്‍സ് നേടി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിനു വേണ്ടി മൃണ്‍മോയ് ദത്ത, ദേബബ്രത പ്രധാന്‍, സുമിത് മാഥുര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിന് ശുഭം സിങ്ങിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് വിജയം ഒരുക്കിയത്. ഒരു വശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ശുഭം സിങ് 82 റണ്‍സുമായി പുറത്താകാതെ നിന്നു. 54 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു ശുഭമിന്റെ ഇന്നിങ്‌സ്. ലക്ഷ് 30 റണ്‍സും നേടി. കേരളത്തിന് വേണ്ടി ആദിത്യ ബൈജു, ഷോണ്‍ റോജര്‍, സിജോമോന്‍ ജോസഫ്, അശ്വന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

