Asianet News Malayalam

ഐപിഎല്ലിനല്ല പ്രാധാന്യം; എല്ലാവരും സുരക്ഷിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്- സന്ദീപ് വാര്യര്‍

അടുത്തിടെ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്നു സന്ദീപ്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെയാണ് സന്ദീപ് ഒരു വിവാദ വാര്‍ത്തയില്‍ ഇടം നേടിയത്.
 

Kerala Cricketer Sandeep Warrier talking on controversial news and more
Author
Thiruvananthapuram, First Published Apr 27, 2020, 2:35 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ സ്ഥിരാംഗമാണ് മലയാളി പേസറായ സന്ദീപ് വാര്യര്‍. രഞ്ജി ട്രോഫിയിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സന്ദീപിന് ടീമില്‍ ഇടം നേടികൊടുത്തത്. അടുത്തിടെ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്നു സന്ദീപ്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെയാണ് സന്ദീപ് ഒരു വിവാദ വാര്‍ത്തയില്‍ ഇടം നേടിയത്. താരം കേരളം വിട്ട് തമിഴ്‌നാടിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു എന്നായിരുന്നു ആ വാര്‍ത്ത. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് അനുമതി തേടിയെന്നും ഉടന്‍ കരാര്‍ ഒപ്പിടും എന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടേ ഇല്ലെന്ന് ചെന്നൈയിലുള്ള സന്ദീപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൂടെ ലോക്ക്ഡൗണ്‍ വിശേഷങ്ങളും ഐപിഎല്‍ സ്വപ്‌നങ്ങളും സന്ദീപ് പങ്കുവെക്കുന്നു...

ചോദ്യം: ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന് വേണ്ടി കളിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എങ്ങനെയാണ് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത്..?

സന്ദീപ്: ശരിക്കും വളരെയധികം ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ആയിരുന്നത്. ഞാന്‍ മനസില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വാര്‍ത്താരൂപത്തില്‍ പറത്തുവന്നത്. എന്റെ അറിവില്‍ ഇങ്ങനെ സംഭവം നടന്നിട്ടില്ല. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ആരും എന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല. ആ വാര്‍ത്ത വന്ന ശേഷം അന്നേദിവസം നിരവധി ഫോണ്‍കോളുകള്‍ വന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും എന്നെ ബന്ധപ്പെട്ടു. കാര്യം വ്യക്തമാക്കിയപ്പോള്‍ കെസിഎ അക്കാര്യം വിട്ടുകളയുകയും ചെയ്തു.

ചോദ്യം: എങ്ങനെ ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നു..?

സന്ദീപ്: അതാണ് എനിക്കും മനസിലാവാത്തത്. വിവാഹം കഴിഞ്ഞ് ചെന്നൈയിലാണ് ഇപ്പോള്‍ സ്ഥിരതാമസം. ജോലിയും ഇവിടെ തന്നെയാണ്. മാത്രമല്ല കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായിട്ട് ഞാനിവിടെ എംആര്‍എഫില്‍ പരിശീലനം നടത്തുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് ഒരു വാര്‍ത്ത ആക്കിയതായിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.

ചോദ്യം: രഞ്ജി ട്രോഫിയില്‍ കേരളം തരംതാണിരുന്നു. ഒരു തിരിച്ചുവരവിന് വേണ്ടി എന്തെല്ലാം പദ്ധതികളാണ് ആലോചിക്കുന്നത്..?

സന്ദീപ്: കഴിഞ്ഞ സീസണിന് തൊട്ട്മുമ്പ കേരളം സെമി ഫൈനല്‍ കളിച്ചിരുന്നു. അതിന് തൊട്ട് മുമ്പത്തെ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും എത്താന്‍ സാധിച്ചു. അന്ന് എന്താണോ ചെയ്തത് ആ തയ്യാറെടുപ്പുകള്‍ ഒക്കെതന്നെയാണ് നമ്മള്‍ കഴിഞ്ഞ സീസണിലും ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. അവസാനവര്‍ഷം സംഭവിച്ച് തെറ്റുകള്‍ എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ആ തെറ്റുകള്‍ മറികടക്കാന്‍ ശ്രമിക്കുക. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമെ ചെയ്യാന്‍ സാധിക്കൂ. ടീം താഴെ പോയി എന്നുള്ളതുകൊണ്ട് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിച്ചാല്‍ നമ്മുടെ പ്രകടനം വീണ്ടും മോശമാവും. ഒരു ടീമായി എല്ലാവരും ഒരുപോലെ ചിന്തിക്കുമ്പോഴാണ് ഫലം ലഭിക്കുക. ആദ്യം ടി20യും ഏകദിനവും വന്നതും ചിലപ്പോള്‍ പ്രശ്‌നമായിരിക്കാം. ആദ്യം വെള്ള പന്തില്‍ കളിച്ച താരങ്ങള്‍ അതില്‍ സെറ്റായി കാണും. പിന്നീട് ചുവന്ന പന്തിലേക്ക് വന്നപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടാവും. ഇത്തരത്തില്‍ ഒരുപാട് ഘടകങ്ങള്‍ ടീമിനെ പ്രകടനത്തെ ബാധിച്ചു. 

ചോദ്യം: കേരളത്തിന്റെ പരിശീലകനായിരുന്ന ഡേവ് വാട്‌മോര്‍ പോയത് എങ്ങനെ കാണുന്നു..?

സന്ദീപ്: വ്യക്തിപരമായി പറഞ്ഞാല്‍ വലിയ നഷ്ടമാണ്. കാരണം, മൂന്ന് കൊല്ലം അദ്ദേഹം ടീമിനൊപ്പം ഉണ്ടായിരുന്നു. ആദ്യ സീസണില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്താന്‍ നമുക്ക് സാധിച്ചു. തൊട്ടടുത്ത വര്‍ഷം സെമിഫൈനലിലും കടന്നു. അദ്ദേഹത്തിന്റെ കീഴില്‍ ടീം എല്ലാ ഫോര്‍മാറ്റിലും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. അവസാന സീസണില്‍ മാത്രമാണ് നമ്മള്‍ കഴിവിനൊത്ത പ്രകടനം നടത്താതെ പോയത്. മിക്കവാറും മത്സരളില്‍ നിന്നും ടീമിന് ഗുണകരമാകുന്ന പലതും പഠിക്കാന്‍ കഴിഞ്ഞിരുന്നു. ഇത്രത്തോളം സക്‌സസ് റേറ്റ് ഉണ്ടാക്കിതന്ന പരിശീലകന്‍ പോകുമ്പോള്‍ അത് ടീമിന് വലിയ നഷ്ടം തന്നെയായിരിക്കും. അത്രത്തോളം അനുഭവസമ്പത്തുണ്ടായിരുന്നു അദ്ദേഹത്തിന്. അടുത്ത പരിശീലകന്‍ വരുമ്പോള്‍ ആ സാഹചര്യവുമൊത്ത് ഇടപഴകാന്‍ താരങ്ങള്‍ക്ക് സാധിക്കും.

ചോദ്യം: വാട്‌മോര്‍ എത്രത്തോളം സന്ദീപിനെ സഹായിച്ചിട്ടുണ്ട്..?

സന്ദീപ്: അദ്ദേഹം സ്വാതന്ത്ര്യം നല്‍കിയിരുന്നു. കളിക്കാരനെ ഒരു നല്ല പ്രകടനം കൊണ്ടോ മോശം പ്രകടനം കൊണ്ടോ വാട്മോര്‍ വിലയിരുത്താറില്ലായിരുന്നു. താരങ്ങളെ മോശമായി ബാധിക്കുന്ന രീതിയില്‍ അദ്ദേഹം ഒരു വിലയിരുത്തലും നടത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാവരും ഒരേ മനസോടെ കളിക്കുമ്പോഴാണ് മികച്ച പ്രകടനങ്ങള്‍ ഉണ്ടാവുക. ടീമിനെ ഒന്നിച്ചുനിര്‍ത്തി ഐക്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നല്ല പ്രകടനം നടത്താനുള്ള ഒരു അന്തരീക്ഷം വാട്‌മോര്‍ ഒരുക്കിതന്നിരുന്നു.

ചോദ്യം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ച് ചിന്തിക്കാറുണ്ടോ..?

സന്ദീപ്: ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല. എല്ലാം സുരക്ഷിതരായിക്കുക എന്ന മാത്രമാണ് ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയൂ. നടന്നില്ലെങ്കില്‍ വേണ്ട എന്നുള്ള ചിന്തയിലാണ് ഞാന്‍. ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍  പറ്റിയ സമയമല്ല ഇത്. അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു കൊവിഡ് വൈറസ് രോഗബാധ. ഐപിഎല്‍ എന്നെ ഒരുപാട് ബാധിക്കുന്ന കാര്യമല്ല. 

ചോദ്യം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ആരെങ്കിലുമൊക്കെ ബന്ധപ്പെടാറുണ്ടോ..?

സന്ദീപ്: എല്ലാവരുമായി ബന്ധമുണ്ട്. എന്നാല്‍ ഐപിഎല്ലിനെ കുറിച്ചോ ക്രിക്കറ്റിനെ കുറിച്ചോ ആയിരിക്കില്ല സംസാരം. ഈ സമയങ്ങളില്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ചൊക്കെയാണ് സംസാരിക്കുന്നത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, പരിശീലകരില്‍ ഒരാളായ അഭിഷേക് നായര്‍, ബൗളിങ് പരിശീലകന്‍ ഓംകാര്‍ സാല്‍വി, താരങ്ങളായ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, സിദ്ധേഷ് ലാഡ്, വരുണ്‍ ചക്രവര്‍ത്തി ഇവരൊക്കെ വീഡിയോ ലൈവില്‍ വല്ലപ്പോഴും വരാറുണ്ട്. 

ചോദ്യം: സഞ്ജു സാംസണിന്റെ ന്യൂസിലന്‍ഡ് പര്യടനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്..?

സന്ദീപ്: അവനിപ്പോഴാണ് കുറച്ചുകൂടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതെന്ന് എനിക്ക് തോന്നുന്നു. ന്യൂസിലന്‍ഡില്‍ കിട്ടിയ അവസരം മുതലാക്കാന്‍ പറ്റിയില്ല എന്നെനിക്ക് തോന്നുന്നില്ല. 50- 60 അടിക്കുന്നതാണ് അവസരം മുതലാക്കല്‍ എന്നും തോന്നിയിട്ടില്ല. അവസരം ലഭിക്കുമ്പോള്‍ മിക്കവും ടീമില്‍ അവരവരുടെ സ്ഥാനം സ്ഥിരപ്പെടുത്താനാണ് ശ്രമിക്കുക. എന്നാല്‍ സഞ്ജു അവന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാനാണ് ശ്രമിച്ചത്. സഞ്ജു ശ്രമിച്ചത് ടീമിനുവേണ്ട വെടിക്കെട്ട് തുടക്കം നല്‍കാനാണ്. മുതലാക്കിയില്ല എന്ന് ഞാന്‍ പറയില്ല. സഞ്ജു അവന്റെ പരമാവധി നല്‍കി. ഒരുപാട് കാരങ്ങള്‍ അവന്‍ പഠിച്ചുകാണും.

ചോദ്യം: ലോക്ക്ഡൗണ്‍കാലത്തെ പരിശീലനം എങ്ങനെയാണ്..?

സന്ദീപ്: വീട്ടില്‍ തന്നെ എല്ലാം തയ്യാറാക്കിയിട്ടുണ്ട്. വീടിനടുത്ത് പന്തെറിയാനും മറ്റു പരിശീലനങ്ങള്‍ക്കുമായി ഒരു ചെറിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. വ്യായമവും പരിശീലനവുമെല്ലാം മോശമല്ലാതെ തന്നെ നടക്കുന്നുണ്ട്.

ചോദ്യം: സീനിയര്‍ ടീമില്‍ കയറുന്നതിനെ കുറിച്ച്..?

സന്ദീപ്: സത്യത്തില്‍ ഇപ്പോള്‍ അങ്ങനെയൊരു ചിന്തയൊന്നുമില്ല. ന്യസിലന്‍ഡ് പര്യടനം കഴിഞ്ഞ് മടങ്ങിവരുന്ന സമയത്ത് ഇതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. അവിടെ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. സീനിയര്‍ ടീമില്‍ കയറണമെന്നും ആഗ്രഹിച്ചിരുന്നു. ഇതിനിടെയാണ് കൊറോണയും ലോക്ക്ഡൗണുമെല്ലാം താളം തെറ്റിച്ചത്. ക്രിക്കറ്റ് ഈ വര്‍ഷം നടക്കുമോ എന്ന് പോലും സംശയമാണ്. അത്രത്തോളം മോശമായി കാര്യങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. വീട്ടിലിപ്പോള്‍ ക്രിക്കറ്റിനപ്പുറത്ത് പാചകവും വായനയുമൊക്കെയായി മുന്നോട്ട് പോകുന്നു.

Follow Us:
Download App:
  • android
  • ios