രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് മാത്രം ടീമിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് ആർ അശ്വിൻ. ക്യാപ്റ്റൻസിക്ക് അപ്പുറമുള്ള ഗൗരവകരമായ മറ്റ് പ്രതിസന്ധികൾ മുംബൈയ്ക്ക് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈ: രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് വിജയവഴിയിലേക്കുള്ള തിരിച്ചുവരവിന് ഉറപ്പുനല്‍കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. സമീപകാല സീസണുകളിലെ മുംബൈയുടെ തിരിച്ചടികള്‍ക്ക് പിന്നില്‍ ക്യാപ്റ്റന്‍സിക്ക് അപ്പുറമുള്ള ഗൗരവകരമായ മറ്റ് പ്രശ്‌നങ്ങളുണ്ടെന്നും, അവ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. മൂന്ന് സീസണുകളുടെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് വീണ്ടും മുംബൈയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. അര്‍ഷ്ദീപ് സിംഗിനെ ഉള്‍പ്പെടുത്തിയുള്ള ട്രേഡിലൂടെ പഞ്ചാബ് കിംഗ്‌സിലേക്ക് മാറിയ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് രോഹിത് എത്തുന്നത്.
രോഹിത്തിന് കീഴില്‍ നേടിയ പ്രതാപം വീണ്ടെടുക്കാനുള്ള മുംബൈയുടെ മറ്റൊരു നേതൃമാറ്റമായാണ് ഈ തീരുമാനത്തെ കാണുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍, പ്രശ്‌നം ക്യാപ്റ്റന്റെ ആംബാന്‍ഡ് ആര് അണിയുന്നു എന്നതിനപ്പുറമാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. ''2020ലാണ് മുംബൈ അവസാനമായി കിരീടം നേടിയത്. അതിനുശേഷം അവരുടെ ഏറ്റവും മികച്ച പ്രകടനം നാലാം സ്ഥാനമാണ്. രോഹിത് ശര്‍മയോ ഹാര്‍ദിക് പാണ്ഡ്യയോ ആര് ക്യാപ്റ്റനായാലും നാലാം സ്ഥാനത്തിനപ്പുറം എത്താന്‍ മുംബൈക്കായിട്ടില്ല. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി പോരായിരുന്നുവെന്നും രോഹിത്തായിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്നും വാദങ്ങളുണ്ട്. എന്നാല്‍ ഇവിടെ അതിനേക്കാള്‍ ആഴത്തിലുള്ള മറ്റൊരു പ്രശ്‌നമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍, ആര് നയിച്ചാലും ഫലം ഒന്നുതന്നെയായിരുന്നു എന്ന് കാണാം.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സിന്റെ തനതായ ശൈലിയും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഹിത്തിനെ വീണ്ടും നായകനാക്കിയതെന്ന് അശ്വിന്‍ വിശ്വസിക്കുന്നു. ഡ്രസ്സിംഗ് റൂമില്‍ രോഹിത്തിനുള്ള സ്വീകാര്യതയും ടീമിലെ പ്രധാന വ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഈ ഘട്ടത്തില്‍ അദ്ദേഹത്തെ മികച്ച ചോയ്സാക്കി മാറ്റുന്നു.
'ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് എം എസ്. ധോണിയെ വേര്‍തിരിച്ചു കാണാന്‍ കഴിയാത്തതുപോലെ, മുംബൈ ഇന്ത്യന്‍സിന്റെ പാരമ്പര്യത്തില്‍ നിന്ന് രോഹിത് ശര്‍മയേയും മാറ്റിനിര്‍ത്താനാവില്ല. ടീമിന്റെ മികവിന്റെ സംസ്‌കാരം തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരിക്കാം രോഹിത്തിനെ തിരികെ വിളിക്കാനുള്ള തീരുമാനം. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് രോഹിത്. കീറോണ്‍ പൊള്ളാര്‍ഡുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ഡ്രസ്സിംഗ് റൂമില്‍ ആദരവ് നേടിയെടുക്കാന്‍ കഴിയുന്ന നേതാവാണ് അദ്ദേഹം. അതും മുംബൈയുടെ ഈ തീരുമാനത്തിന് പിന്നിലുണ്ട്.'' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.













