Asianet News MalayalamAsianet News Malayalam

വര്‍ഗീയ വിഷം ചീറ്റിയവര്‍ക്ക് മുഹമ്മദ് ഷമി നല്‍കിയത് കാതടച്ചുള്ള മറുപടി; ലോകകപ്പിലെ താരമെന്ന് എം ബി രാജേഷ്

മത്സരത്തില്‍ ഒരിടയ്ക്ക് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നല്‍കിയ അവസരം ഷമി കൈവിട്ടിരുന്നു. ഇതോടെ ഷമിയെ ദേശദ്രോഹിയാക്കാനും ചില ആരാധകര്‍ മത്സരിച്ചു.

kerala excise minister mb rajesh supports indian pacer mohammed shami after heroic performance
Author
First Published Nov 16, 2023, 11:21 AM IST

തിരുവനന്തപുരം: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ മുഹമ്മദ് ഷമിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ ഷമി ഏഴ് വിക്കറ്റും സ്വന്തമാക്കിയിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്താണ് ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

മത്സരത്തില്‍ ഒരിടയ്ക്ക് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നല്‍കിയ അവസരം ഷമി കൈവിട്ടിരുന്നു. ഇതോടെ ഷമിയെ ദേശദ്രോഹിയാക്കാനും ചില ആരാധകര്‍ മത്സരിച്ചു. എന്നാല്‍ വില്യംസണെ ഷമി തന്നെ പുറത്താക്കി. ഇതാദ്യമായിട്ടല്ല ഷമി ഇത്രത്തോളം ക്രൂശിക്കപ്പെടുന്നത്. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ രാജ്യദ്രോഹിയെന്ന് വിളിച്ച് ആക്രമിക്കപ്പെട്ടിരുന്നു ഷമി. പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയര്‍ന്നു. ഇപ്പോള്‍ ഷമിയെ കുറിച്ച് സംസാരിക്കുയാണ് മന്ത്രി എം ബി രാജേഷ്.

വ്യക്തിപരമായി ലോകകപ്പിലെ താരം ഷമിയാണെന്നാണ് രാജേഷ് പറയുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിലെ ഒരു ഭാഗമിങ്ങനെ... ''ഇന്നലെ കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞയുടന്‍ സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയവാദികള്‍ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്നാല്‍ ആ കെയ്ന്‍ വില്യംസണിന്റെയും ഡാരല്‍ മിച്ചലിന്റെയും ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ പിഴുതെടുത്താണ് ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാന്‍ തക്കം പാര്‍ത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേല്‍പ്പിച്ചത്.'' രാജേഷ് പോസ്റ്റില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം... 

ഫൈനല്‍ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമി തന്നെയാണ്. വിരാട് കോലിയുടെ, സച്ചിന്റെ റെക്കോര്‍ഡിനെ മറികടന്ന മാസ്മരിക പ്രകടനം മറന്നു കൊണ്ടല്ല ഷമിയെ ഈ ലോകകപ്പിന്റെ താരമായി ഞാന്‍ തെരഞ്ഞെടുക്കുന്നത്. ഫൈനലിലേക്കുള്ള ഇന്ത്യന്‍ കുതിപ്പിന്റെ കുന്തമുന മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ പുറത്തിരിക്കാന്‍ നിര്‍ബന്ധിതനായ ഒരു കളിക്കാരന്‍. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതു കൊണ്ടു മാത്രം അവസരം വീണുകിട്ടിയ ആള്‍. വീണു കിട്ടിയ ആ ഒറ്റ അവസരം കൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന് പ്രതിഭയും പ്രകടനവും കൊണ്ട് തന്നെ ഇനി ഒഴിവാക്കാനാവില്ലെന്ന് തെളിയിച്ച് ടീമിലെ സ്ഥാനം പിടിച്ചു വാങ്ങിയ ആള്‍. വെറും ആറ് മത്സരങ്ങളില്‍ 23 വിക്കറ്റ്. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ ഏഴു വിക്കറ്റിന്റെ, ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്വലമായ ബൗളിങ് പ്രകടനം. ഇതുവരെയുള്ള വിജയങ്ങളുടെ മുഖ്യ ശില്‍പിയായി തലയുയര്‍ത്തിപ്പിടിച്ചു കൊണ്ട് അഹമ്മദാബാദിലെ ഫൈനല്‍ മത്സരത്തിലേക്ക് മുഹമ്മദ് ഷമി കടന്നുചെല്ലും. 

പക്ഷേ മുഹമ്മദ് ഷമിയെക്കുറിച്ച് ഇത്രയും പറഞ്ഞാല്‍ പോരല്ലോ. എന്തുകൊണ്ടാണ് ഷമി ഈ ലോകകപ്പിന്റെ താരമാകുന്നത്? ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ രാജ്യദ്രോഹിയെന്ന് ആക്രമിക്കപ്പെട്ടവനാണ് ഷമി. പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയര്‍ന്നു. അന്ന് ഷമിക്കൊപ്പം ധീരമായി നിലയുറപ്പിച്ച നായകനായിരുന്നു വിരാട് കോലിയെന്ന് ഓര്‍മിക്കാതെ പോകരുത്. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് പരിതാപകരമാണ് എന്ന് ഷമിയെ പിന്തുണച്ചു കൊണ്ട് ഇന്നത്തെ ഇന്ത്യയില്‍ പറയാന്‍ കോലി കാണിച്ച ധൈര്യം ചെറുതല്ല. അതിന്റെ പേരില്‍ കോലിയും ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇരയായി. എന്തിനധികം, ഇന്നലെ കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞയുടന്‍ സമൂഹ മാധ്യമങ്ങളിലൂടെ  വര്‍ഗീയവാദികള്‍ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്നാല്‍ ആ കെയ്ന്‍ വില്യംസണിന്റെയും ഡാരല്‍ മിച്ചലിന്റെയും ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ പിഴുതെടുത്താണ് ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാന്‍ തക്കം പാര്‍ത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേല്‍പ്പിച്ചത്. 

രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കുകയും ആ 'രാജ്യദ്രോഹി'യെ പിന്തുണച്ചതിന് അധിക്ഷേപം നേരിടുകയും ചെയ്ത ഷമി-കോലി സഖ്യമാണ് ബോള് കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതെന്നോര്‍ക്കുക. മുഹമ്മദ് ഷമിയെന്ന ലക്ഷണമൊത്ത ഫാസ്റ്റ് ബൗളര്‍ ഈ ലോകകപ്പില്‍ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിര്‍ ടീമുകളുടെ മാത്രമായിരുന്നില്ല. കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വര്‍ഗീയതയുടെയും സ്റ്റമ്പുകള്‍ കൂടിയായിരുന്നു. മുഹമ്മദ് ഷമിയുടെ പ്രതിഭക്കും പോരാട്ടവീറിനും അഭിവാദ്യങ്ങള്‍. ഒപ്പം വിരാട് കോഹ്ലിയുടെ, സച്ചിനെ മറികടന്ന മികവിനും അഭിവാദ്യങ്ങള്‍.

രാഹുല്‍ കഷ്ടപ്പെട്ട് ക്യാച്ചെടുത്തു, ക്രഡിറ്റ് മുഴുവന്‍ ദ്രാവിഡിന്! നാക്കുപിഴയില്‍ എയറിലായി കമന്‍റേറ്റര്‍

Follow Us:
Download App:
  • android
  • ios