പൂജ വസ്ട്രക്കര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം ഓവര്‍ എറിയാനെത്തിയത് തന്‍റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന മിന്നുമണിയായിരുന്നു.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച മലയാളി താരം മിന്നുമണി പുറത്തെടുത്തത് അഭിമാനനേട്ടം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ എട്ട് റണ്‍സിന്‍റെ ആവേശ ജയം ഇന്ത്യ സാധ്യമാക്കിയത് മിന്നുമണിയുടെയും ദീപ്തി ശര്‍മയുടെയും ഷഫാലി വര്‍മയുടെയും ബൗളിംഗ് മികവിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സിലൊതുക്കിയപ്പോള്‍ ബംഗ്ലാദേശ് വനിതകള്‍ അനായാസ ജയം സ്വപ്നം കണ്ടു.

പൂജ വസ്ട്രക്കര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം ഓവര്‍ എറിയാനെത്തിയത് തന്‍റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന മിന്നുമണിയായിരുന്നു. തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മിന്നുമണി ബംഗ്ലാദേശിന് ആദ്യപ്രഹരമേല്‍പ്പിച്ചു. നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷാമിന സുല്‍ത്താനയെ മിന്നു, ഷഫാലി വര്‍മയുടെ കൈകളിലെത്തിച്ചു.

ആദ്യ ഓവര്‍ തന്നെ വിക്കറ്റ് മെയ്ഡിനാക്കിയ മിന്നു ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം ഓവറില്‍ ദീപ്തി ശര്‍മയും വിക്കറ്റെടുത്തതോടെ ബംഗ്ലാദേശ് തകര്‍ന്നു തുടങ്ങി. പവര്‍ പ്ലേയിലെ നാലാം ഓവര്‍ എറിയാനായി വീണ്ടുമെത്തിയ മിന്നുമണി വഴങ്ങിയത് വെറും രണ്ട് റണ്‍സ്. മുര്‍ഷീദ ഖാത്തൂണിനെതിരെ ശക്തമായ എല്‍ബിഡബ്ല്യൂ അപ്പീല്‍ ഉയര്‍ത്തിയെങ്കിലും അതിജീവിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറും എറിഞ്ഞത് മിന്നുവായിരുന്നു. വഴങ്ങിയത് വെറും നാലു റണ്‍സും. തന്‍റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ റിതു മോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ മിന്നു ആ ഓവറില്‍ വിട്ടുകൊടുത്തതാകട്ടെ വെറും നാലു റണ്‍സ്.

അവന്‍റെ കുട്ടികളി അവസാനിക്കുമെന്ന് തോന്നുന്നില്ല, ചെന്നൈ ടീമിലെ സഹതാരത്തെക്കുറിച്ച് ധോണി

അങ്ങനെ പവര്‍പ്ലേയിലെ മൂന്നോവര്‍ അടക്കം നാലോവറില്‍ മിന്നു വഴങ്ങിയത് വെറും ഒമ്പത് റണ്‍സ്, രണ്ട് വിക്കറ്റ്. അരങ്ങേറ്റ മത്സരത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും മിന്നിത്തിളങ്ങിയിരിക്കുകയാണ് മിന്നുമണി. ഇന്ത്യന്‍ ബൗളര്‍മാരില്‍ 10ല്‍ താഴെ റണ്‍സ് വഴങ്ങിയ ഒരേയൊരു ബൗളറും മിന്നുമണിയാണ്. മികച്ച പ്രകടനത്തിനൊപ്പം ഇന്ത്യയുടെ വിജയം കൂടിയെത്തിയപ്പോള്‍ ഇരട്ടിമധുരം.