സി കെ നായിഡു ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ കേരളം ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 27 റണ്‍സെന്ന നിലയിലായിരുന്ന കേരളം.
വയനാട്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ കേരളം ഒന്‍പത് വിക്കറ്റിന് 222 റണ്‍സെന്ന നിലയില്‍. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഉജ്ജ്വലമായി തിരിച്ചു വരികയായിരുന്നു കേരളം. 76 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ആദിത്യ ബൈജുവും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിജിത് പ്രവീണുമാണ് കേരള ബാറ്റിങ് നിരയില്‍ തിളങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബറോഡയുടെ കെയൂര്‍ കാലെയാണ് കേരളത്തിന്റെ മുന്‍ നിര ബാറ്റിങ്ങിനെ തകര്‍ത്തത്.
മഴയെ തുര്‍ന്ന് രണ്ട് മണിക്കൂറിലേറെ വൈകിയായിരുന്നു മത്സരം തുടങ്ങിയത്. ടോസ് നേടിയ ബറോഡ കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഈര്‍പ്പമുള്ള സാഹചര്യങ്ങള്‍ മുതലെടുത്ത് പന്തെറിഞ്ഞ ബറോഡയുടെ ബൌളര്‍മാര്‍ തുടക്കത്തില്‍ തന്നെ പ്രഹരമേല്പിച്ചു. തുടരെ വിക്കറ്റുകള്‍ വീണതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 27 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ഇതില്‍ നാല് വിക്കറ്റുകളും വീഴ്ത്തിയത് കേയുര്‍ കാലെ ആയിരുന്നു.
ഇടയ്ക്ക് പവന്‍ ശ്രീധറും കാമില്‍ അബൂബക്കറും ചേര്‍ന്ന കൂട്ടുകെട്ട് പ്രതീക്ഷ നല്കി. എന്നാല്‍ 11 പന്തുകളില്‍ 24 റണ്‍സ് നേടി പവന്‍ ശ്രീധറും 17 റണ്‍സെടുത്ത് കാമില്‍ അബൂബക്കറും പുറത്തായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അഭിജിത് പ്രവീണും എസ് അഭിറാമും ചേര്‍ന്നാണ് കേരളത്തിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. 48 റണ്‍സെടുത്ത് അഭിജിത്തും മൂന്ന് റണ്‍സെടുത്ത് അഭിറാമും പുറത്തായി. ഒടുവില്‍ അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആദിത്യ ബൈജുവും പവന്‍ രാജും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തിന് കരുത്തായത്.
ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞു. കളി നിര്‍ത്തുമ്പോള്‍ ആദിത്യ ബൈജു 76ഉം പവന്‍ രാജ് 24 റണ്‍സും നേടി ക്രീസിലുണ്ട്. 93 പന്തുകളില്‍ 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ആദിത്യയുടെ ഇന്നിങ്‌സ്. ബറോഡയ്ക്ക് വേണ്ടി കെയൂര്‍ കാലെ അഞ്ചും കരണ്‍ ഉമഠ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

