ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഝാര്‍ഖണ്‍ഡിനെതിരെ കേരളത്തിന് 259 റണ്‍സ് വിജയലക്ഷ്യം. മഴ കാരണം 36 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിങ് തിരിഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുന്‍നിര പരാജയപ്പെട്ടെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ ഝാര്‍ഖണ്ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

കുമാര്‍ ദിയോബ്രത് (54), സൗരഭ് തിവാരി (49 റിട്ടയേര്‍ഡ് ഹര്‍ട്ട്), ഇഷാന്‍ കിഷന്‍ (47), അനുകൂല്‍ റോയ് (31) എന്നിവരുടെ പ്രകടനം ഝാര്‍ഖണ്ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ആനന്ദ് സിങ് (26), ഉത്കാര്‍ഷ് സിങ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുമിത് കുമാര്‍ (3), വിവേക് തിവാരി (0) എന്നിവര്‍ പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ മൂന്നും കെ എം ആസിഫ്, എം ഡി നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിട്ടുണ്ട്. വിഷ്ണു വിനോദ് (27 പന്തില്‍ 40), സച്ചിന്‍ ബേബി (5) എന്നിവരാണ് ക്രീസില്‍. ജലജ് സക്‌സേന (18 പന്തില്‍ 25), സഞ്ജു സാംസണ്‍ (40 പന്തില്‍ 48) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.  രണ്ട് സിക്‌സും ആറ് ഫോറും അടങ്ങിയതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്.