സ്പോൺസർമാർ വാഗ്ദാനം ചെയ്ത പണം നൽകാത്തതാണ് പ്രശ്നമെന്ന് സർക്കാർ പറയുമ്പോൾ, മെസിയുടെ വരവ് സർക്കാരിന്റെ നേട്ടമായി പ്രചരിപ്പിച്ചതിലും പിഴവുണ്ടായെന്ന വിമർശനമുയരുന്നു.

തിരുവനന്തപുരം: ലിയോണല്‍ മെസി മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റ കേരള സന്ദര്‍ശനം മുടങ്ങിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. വാഗ്ദാനം നല്‍കിയ പണം നല്‍കി ടീമിനെ എത്തിക്കേണ്ട ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണെന്ന് കായിക മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാര്‍ ലംഘനത്തിന് റിപ്പോര്‍ട്ടര് ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ  അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമ നടപടി സ്വീകരിക്കും.

മെസി വരുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പരിഹാരം കാണാനുള്ള തന്ത്രപ്പാടിലാണ്. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം മൊത്തം തുകയുടെ 50 ശതമാനം നല്‍കണം എന്നാണ് വ്യവസ്ഥ. സമയം നീട്ടി നല്‍കിയിട്ടും വാക്ക് പാലിക്കാന്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കഴിയാതെ വന്നതോടെയാണ് അര്‍ജന്റീന ടീമിന്റെ കേരളസന്ദര്‍ശനം മുടങ്ങിയത്. ഇതോടെയാണ് പണം വാഗ്ദാനം നല്‍കി മുങ്ങിയ സ്‌പോണ്‍സര്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നത്. 

എന്നാല്‍ അത്ര എളുപ്പം സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിനാകില്ല. മെസി വരുമെന്ന് വാര്‍ത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചത് കായികമന്ത്രിയാണ്. തൊട്ടുപിറ്റേന്ന്, മെസി വരുന്നത് ഇടതു സര്‍ക്കാരിന്റെ അഭിമാനനേട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി ഫേസ് ബുക് പോസ്റ്റുമിട്ടു. സ്‌പോണ്‍സര്‍ പണം നല്‍കി, മെസിയെ കൊണ്ടുവരുമെന്ന് ഇപ്പോഴും പ്രതീക്ഷയെന്ന് മന്ത്രി പറയുമ്പോഴും ഈ സീസണിണ്‍ അത് നടക്കില്ലെന്ന് അര്‍ജന്റീനയുടെ ടൂര്‍ ഷെഡ്യൂള്‍ വന്നതോടെ വ്യക്തമായി.

കരാര് ലംഘിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കരാര്‍ ലംഘനത്തിന് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും. അര്ജന്റീന ടീമിന്റെ സന്ദര്‍ശനം റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം സര്‍ക്കാരും നിയമനടപടിയിലേക്ക് നീങ്ങും.