വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ഗ്രൂപ്പ് എയില്‍ കേരളം ഒന്നാമതെത്തി. ഇന്ന് നാഗാലാന്‍ഡിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് കേരളം ഒന്നാമതെത്തിയത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 16 പോയിന്റുണ്ട്. നാല് വിജയവും ഒരു തോല്‍വിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാരായ ഝാര്‍ഖണ്ഡ്,  ഡല്‍ഹി എന്നിവര്‍ക്കും 16 പോയിന്റ് വീതമുണ്ട്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കേരളം മുന്നിലെത്തുകയായിരുന്നു. 

ഇന്ന് നാഗാലാന്‍ഡിനെതിരെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളം അവരെ എട്ടിന് 103 എന്ന നിലയില്‍ ഒതുക്കി. 49 റണ്‍സെടുത്ത രോഹിത്താണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടി നിതീഷ്, രണ്ട് വിക്കറ്റ് വീതം നേടിയ ബേസില്‍ തമ്പി, വിനൂപ് എന്നിവരാണ് നാഗാലാന്‍ഡിനെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങില്‍ കേരളം 12.2 ഓവറില്‍ മത്സരം വരുതിയിലാക്കി. വിഷ്ണു വിനോദ് (38 പന്തില്‍ 53), രോഹന്‍ കുന്നുമ്മല്‍ (36 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഇനി ഝാര്‍ഖണ്ഡുമായിട്ടാണ് കേരളത്തിന്റെ മത്സരം.