Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: പുതുച്ചേരിയോട് ലീഡ് വഴങ്ങി; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ പുതുച്ചേരിക്ക് ജയ് പാണ്ഡെ പുറത്താവാതെ നേടിയ 102 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരസ് ദോഗ്ര (55), കൃഷ്ണ (94) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Kerala knocked out from ranji trophy after draw against Pondicherry
Author
First Published Jan 27, 2023, 5:11 PM IST

പുതുച്ചേരി: രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിയോട് 85 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയതോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചത്. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പുതുച്ചേരി ഒന്നാം ഇന്നിംഗ്‌സില്‍ 371 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 286 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ടാം ഇന്നിംഗില്‍ പുതുച്ചേരി അഞ്ചിന് 279 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുയായിരുന്നു.

ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ പുതുച്ചേരിക്ക് ജയ് പാണ്ഡെ പുറത്താവാതെ നേടിയ 102 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരസ് ദോഗ്ര (55), കൃഷ്ണ (94) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. നെയന്‍ കംഗയന്‍ (5), ആകാശ് കര്‍ഗവെ (12), ഡി രോഹിത് (1) എന്നിവരാണ് പുറത്തായ പുതുച്ചേരി താരങ്ങള്‍. വിശ്വേശര്‍ സുരേഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, എം ഡി നിതീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പുതുച്ചേരിയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷ ദോഗ്രയും പാണ്ഡെയും തല്ലികെടുത്തി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ അത്ഭുതജയം പ്രതീക്ഷിച്ച കേരളത്തിന്റെ പ്രതീക്ഷ മങ്ങി. 110 റണ്‍സിന്റെ കൂട്ടുകെട്ടിനുശേഷം ടീം സ്‌കോര്‍ 118ല്‍ നില്‍ക്കെ ദോഗ്രയെ(55) വീഴ്ത്തി സുരേഷ് കേരളത്തിന് ആശ്വാസ വിക്കറ്റ് സമ്മാനിച്ചു. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ കേരളത്തിന് സമനില സമ്മതിക്കേണ്ടി വന്നു. ഇന്നലെ മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായതോടെയാണ് പുതുച്ചേരി 85 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കില്‍ കേരളത്തിന് പുതുച്ചേരിക്കെതിരെ വമ്പന്‍ ജയം ആനിവാര്യമാണ്.

എലൈറ്റ് ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ 35 പോയിന്റുള്ള കര്‍ണാടക ഒന്നും 23 പോയിന്റുള്ള ജാര്‍ഖണ്ഡ് രണ്ടും സ്ഥാനങ്ങളിലുണ്ട്.

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ശ്വേതയ്ക്ക് അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിന്റെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Follow Us:
Download App:
  • android
  • ios