രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ആകര്‍ഷ്, അഭിഷേക് നായര്‍ എന്നിവർ പുറത്തായപ്പോൾ സച്ചിന്‍ ബേബിയും ബാബാ അപരാജിത്തും ചേർന്ന സഖ്യം ടീമിനെ മുന്നോട്ട് നയിക്കുന്നു.
തിരുവനന്തപുരം: രഞ്ജി ട്രോഫിയിയില്‍ ചണ്ഡിഗഢിനെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 87 എന്ന നിലയിലാണ്. സച്ചിന്‍ ബേബി (38), ബാബാ അപരാജിത് (25) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ആകര്‍ഷ് (14), അഭിഷേക് നായര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കാര്‍ത്തിക് സന്ദില്‍, രോഹിത് ദണ്ഡ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
രണ്ടാം ഓവറില്‍ തന്നെ അഭിഷേകിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. കാര്‍ത്തികിന്റെ പന്തില്‍ വിഷുവിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. ആകര്‍ഷ് കൂടുതല്‍ പന്തുകള്‍ നേരിട്ടെങ്കിലും സ്‌കോര്‍ മുന്നോട്ട് ചലിപ്പിക്കാന്‍ സാധിക്കില്ല. ഒടുവില്‍ 17-ാം ഓവറില്‍ രോഹിത്തിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അഹമ്മദ് ഇമ്രാന്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ചണ്ഡിഗഢ്. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.
കേരള സക്വാഡ്: മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ. നായര്‍, രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ. കൃഷ്ണമൂര്‍ത്തി, സല്‍മാന്‍ നിസാര്‍, ബാബ അപരാജിത്, അജിത് വി., അഭിഷേക് പി. നായര്‍, നിധീഷ് എം.ഡി., ഏദന്‍ ആപ്പിള്‍ ടോം, ആസിഫ് കെ.എം., അങ്കിത് ശര്‍മ്മ, ശ്രീഹരി എസ്. നായര്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

