ഷോണ്‍ റോജറുടെ 59 റണ്‍സാണ് കേരളത്തിന് പിന്നീട് ആശ്വാസം നല്‍കിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ ബിഹാറിനെതിരായ അവസാന മത്സരത്തില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ കേരളം ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 202 റണ്‍സ് എന്ന നിലയിലാണ്. സല്‍മാന്‍ നിസാര്‍ (46), നിധീഷ് എം ഡി (0) എന്നിവര്‍ ക്രീസിലുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. മധ്യ പ്രദേശിനെതിരായ സമനിലയോടെ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയിരുന്നു കേരളം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയിന്റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ഈ മത്സരം ആദ്യ ഇന്നിംഗ്‌സ് ലീഡോടെ സമനിലയെങ്കിലും പിടിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. അപ്പുറത്ത് ഹരിയാനക്കെതിരെ കര്‍ണാടക ജയിക്കരുതെന്ന് മാത്രം.

ഇന്ന് രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സ് മാത്രമെടുത്ത രോഹന്‍ കുന്നുമ്മലാണ് ആദ്യം മടങ്ങിയത്. ഹര്‍ഷ് വിക്രം സിംഗിനാണ് വിക്കറ്റ്. രോഹന്‍ മടങ്ങുമ്പോല്‍ എട്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പിന്നാലെ ആനന്ദ് കൃഷ്ണും (11) മടങ്ങി. ഗുലാം റബ്ബാനിക്കാണ് വിക്കറ്റ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും ഇന്ന് തിളങ്ങാനായില്ല. നാല് റണ്‍സ് മാത്രമെടുത്ത താരത്തെ അഭിഷേക് പുറത്താക്കി. പിന്നാലെ അക്ഷയ് ചന്ദ്രനും (38) മടങ്ങുകയായിരുന്നു. ഇതോടെ നാലിന് 81 എന്ന നിലയിലായി കേരളം. ഷോണ്‍ റോജറുടെ 59 റണ്‍സാണ് കേരളത്തിന് പിന്നീട് ആശ്വാസം നല്‍കിയത്. സല്‍മാനൊപ്പം ചേര്‍ന്ന് ഷോണ്‍ 89 റണ്‍സ് കൂട്ടിചേര്‍ത്തു. ഷോണിനെ മടക്കി വീര്‍ പ്രതാപ് സിംഗ് ബിഹാറിന് ബ്രേക്ക് ത്രൂ നല്‍കി. മുഹമ്മദ് അസറുദ്ദീന്‍ (9), ജലജ് സക്‌സേന (5), ആദിത്യ സര്‍വാതെ (6) എന്നിവരും നിരാശപ്പെടുത്തിയതോടെ കേരളം എട്ടിന് 202 എന്ന നിലയിലായി. സല്‍മാനിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ.

രഞ്ജിയില്‍ നിരാശപ്പെടുത്തി കെ എല്‍ രാഹുല്‍! മായങ്ക് സെഞ്ചുറിക്കരികെ വീണു, ദേവ്ദത്ത് ക്രീസില്‍

മധ്യപ്രദേശിനെതിരെ കഴിഞ്ഞ മത്സരം തോറ്റിരുന്നെങ്കില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുമായിരുന്നു. കേരളം ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ പഞ്ചാബിനെതിരെ കൂറ്റന്‍ ജയവുമായി കര്‍ണാടക 19 പോയന്റുമായി കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയും മത്സരം സമനിലയിലാക്കാനും സാധിച്ചിരുന്നു. ഇതോടെ മൂന്ന് പോയിന്റ് ലഭിക്കുകയും രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. 

ഒന്നാം സ്ഥാനത്തുള്ള ഹരിയാന, ബംഗാളിനെ തകര്‍ത്ത് 26 പോയന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകക്ക് ഹരിയാനയാണ് എതിരാളികള്‍. ബിഹാര്‍ താരതമ്യേന ദുര്‍ബലരാണ്. അതുകൊണ്ടുതന്നെ കേരളത്തിന് അനായാസം ജയിക്കാമെന്നും അടുത്ത റൗണ്ടിലേക്ക് കറയറാമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഹാറിനെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങുന്നത്. പരിക്കേറ്റ ബാബ അപരാജിത്, എന്‍ പി ബേസില്‍ എന്നിവര്‍ പുറത്തായി. ആനന്ദ് കൃഷ്ണന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ടീമിലെത്തി.