തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തോല്‍വി. രാജസ്ഥാനെതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. രാജസ്ഥാന്‍ 17 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം തോല്‍വിയാണിത്.

രാജേഷ് ബിഷ്‌നോയ് (51 പന്തില്‍ പുറത്താവാതെ 76), അര്‍ജിത് ഗുപ്ത (22 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിങ്‌സാണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്്. നരേന്ദ്ര സിംഗ് (3), അങ്കിത് ലംബ (35), മഹിപാല്‍ ലോംറോര്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. കെ എം ആസിഫ്, അക്ഷയ് ചന്ദ്രന്‍, എം മിഥുന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, സഞ്ജു സാംസണ്‍ (39 പന്തില്‍ 53), സച്ചിന്‍ ബേബി (29 പന്തില്‍ 47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു വിനോദ് (36), ജലജ് സക്‌സേന (11), റോബിന്‍ ഉത്തപ്പ (11), മുഹമ്മദ് അസറുദ്ദീന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മികച്ച  ഫോമില്‍ നില്‍ക്കെ താരം റണ്ണൗട്ടാവുകയായിരുന്നു.

വിദര്‍ഭ, ത്രിപുര, മണിപ്പൂര്‍ എന്നിവര്‍ക്കെതിരെയാണ് കേരളം ജയിച്ചത്. രാജസ്ഥാന് പുറമെ തമിഴ്‌നാടിനോടും കേരളം പരാജയപ്പെട്ടിരുന്നു.