Asianet News MalayalamAsianet News Malayalam

സച്ചിന്‍ ബേബി വീണ്ടും സെഞ്ചുറിക്കരികെ വീണു! നിരാശനായി സഞ്ജു; രഞ്ജിയില്‍ വിജയത്തിലേക്ക് പന്തെറിഞ്ഞ് കേരളം

സച്ചിന്‍ ബേബി - മുഹമ്മദ് അസറുദ്ദീന്‍ സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സച്ചിന്‍ മടങ്ങി. റണ്ണൗട്ടായ താരത്തിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു.

kerala started well against chhattisgarh in ranji trophy match
Author
First Published Feb 5, 2024, 1:38 PM IST

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 290 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച് കേരളം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം അഞ്ചിന് 251 എന്ന നിലയില്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 94 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ സച്ചിന്‍ 91 റണ്‍സെടുത്തിരുന്നു. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഛത്തീസ്ഗഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ 350നെതിരെ ഛത്തീസ്ഗഡ് 312ന് പുറത്താവുകയായിരുന്നു. 38 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം നേടിയത്.

കേരളം നാലാം ദിനം 69-2 എന്ന സ്‌കോറിലാണ് ക്രീസിലിറങ്ങിയത്. നാലാം ദിനം വിഷ്ണു വിനോദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സെടുത്ത വിഷ്ണു വിനോദിനെ കേരളത്തിന്റെ സ്‌കോര്‍ 100 കടക്കും മുമ്പ് അജയ് മണ്ഡല്‍ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാമനായാണ് ക്രീസിലെത്തിയത്. രണ്ട് ഫോറും ഒരു സിക്‌സും അടിച്ച് സഞ്ജു നല്ല തുടക്കമിട്ട് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല. സഞ്ജുവിനെയും വീഴ്ത്തി അജയ് മണ്ഡല്‍ കേരളത്തിന് നാലാം പ്രഹരമേല്‍പ്പിച്ചു.

പിന്നാലെ സച്ചിന്‍ ബേബി - മുഹമ്മദ് അസറുദ്ദീന്‍ സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സച്ചിന്‍ മടങ്ങി. റണ്ണൗട്ടായ താരത്തിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു. പിന്നാലെ കേരളം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതിനിടെ അസര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 63 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു അസറിന്റെ ഇന്നിംഗ്‌സ്. 

കിഷന് കുരുക്ക് മുറുകുന്നു! അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ പടി കണ്ടേക്കില്ല? നേട്ടം സഞ്ജുവിന്

ഇന്നലെ 51 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. രോഹന്‍ കുന്നുമ്മലിനെ (36) ആഷിഷ് ചൗധരി പുറത്താക്കുകയായിരുന്നു. പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ രോഹന്‍ പ്രേമും (17) പവലിയനില്‍ തിരിച്ചെത്തി.

ഒന്നാം ഇന്നിംഗ്‌സ്

നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 350നെതിരെ ഛത്തീസ്ഗഡ് 312ന് പുറത്താവുകയായിരുന്നു. 38 റണ്‍സ് ലീഡാണ് കേരളം നേടിയത്. 118 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ഏക്നാഥ് ദിനേശിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഛത്തീസ്ഗഡിനെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് അടുത്തെത്തിച്ചത്. തുടക്കത്തിലെ ഓപ്പണര്‍മാരായ ശശാങ്ക് ചന്ദ്രാകറിനെയും(8), റിഷഭ് തിവാരിയെയും(7) പുറത്താക്കിയെങ്കിലും അഷുതോഷ് സിംഗും സഞ്ജീത് ദേശായിയും പൊരുതിയതോടെ ഛത്തീസ്ഗഡ് തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും ചേര്‍ന്ന് ഛത്തീസ്ഗഡിനെ 91ല്‍ എത്തിച്ചു. അശുതോഷ് സിംഗിനെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കിയത്.

പിന്നാലെ ക്യാപ്റ്റന്‍ അമന്‍ദീപ് ഖരെയും (0) കൂടി നിധീഷ് പുറത്താക്കിയതോടെ ഛത്തീസ്ഗഡ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജിത് ദേശായിയും(56) പുറത്തായതോടെ 113-5 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. ശശാങ്ക് സിംഗിനെ കൂടി(18) പുറത്താക്കി ജലജ് സക്സേന ഛത്തീസ്ഗഡിനെ 145-6ലേക്ക് തള്ളിയിട്ടെങ്കിലും ഏഴാം വിക്കറ്റില്‍ ഏക്നാഥും അജയ് മണ്ഡലും ചേര്‍ന്ന് 123 റണ്‍സ് കൂട്ടുകെട്ടിലൂടെ ഛത്തീസ്ഗഡിന് ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷ നല്‍കി.

സെഞ്ചുറി ഇല്ലായിരുന്നെങ്കില്‍ ഗില്‍ തീര്‍ന്നേനെ! താരത്തെ ഒഴിവാക്കാന്‍ മാനേജ്‌മെന്‍റ് നിര്‍ണായക നീക്കം നടത്തി

അജയ് മണ്ഡലിനെസ (63) മടക്കി ശ്രേയസ് ഗോപാല്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഒറ്റക്ക് പൊരുതി സെഞ്ചുറിയിലെത്തിയ ഏക്നാഥ് ഛത്തീസ്ഗഡിനെ 300 കടത്തി കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടി. അവസാന വിക്കറ്റില്‍ ആശിഷ് ചൗഹാനെ ഒരറ്റത്ത് നിര്‍ത്തി ഏക്നാഥ് പൊരുതിയത് കേരളത്തിന് തലവേദനയായി. ഒടുവില്‍ ചൗഹാനെ പുറത്താക്കി നിതീഷ് കേരളത്തിന് ലീഡ് സമ്മാനിച്ചു. കേരളത്തിനായി ജലജ് സക്സേനയും എം ഡി നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios