ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ 14 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജീന്‍ പോള്‍ ലാല്‍ നാലു പന്തില്‍ രണ്ട് റണ്‍സും വിവേക് ഗോപന്‍ ആറ് പന്തില്‍ നാലു റണ്‍സുമെടുത്ത് പുറത്തായി.

ബെംഗളൂരു: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍വി. രണ്ടാം മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സാണ് കേരള സ്ട്രൈക്കേഴ്സിനെ 13 റണ്‍സിന് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 20 ഓവറില‍ 7 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സടിച്ചപ്പോള്‍ കേരള സ്ട്രൈക്കേഴ്സ് 19.2 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ടായി. 33 പന്തില്‍ 62 റണ്‍സെടുത്ത മദന്‍ മോഹനും 30 പന്തില്‍ 31 റണ്‍സെടുത്ത അര്‍ജുന്‍ നന്ദകുമാറും മാത്രമാണ് കേരളത്തിനായി പൊരുതിയത്.

മൂന്ന് കളികളില്‍ മൂന്നും ജയിച്ച ബംഗാൾ ടൈഗേഴ്സ് സെമി സ്ഥാനം ഉറപ്പിച്ചപ്പോള്‍ രണ്ട് കളികളില്‍ ഒരു ജയം മാത്രമുള്ള കേരള സ്ട്രൈക്കേഴ്സിന് സെമിയിലെത്താന്‍ ഇന്ന് ചെന്നൈ കിംഗ്സിനെതിരായ മത്സരത്തില്‍ ജയം നേടേണ്ടത് അനിവാര്യമാണ്. പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കേരള സ്ട്രൈക്കേഴ്സ്.

ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ 14 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജീന്‍ പോള്‍ ലാല്‍ നാലു പന്തില്‍ രണ്ട് റണ്‍സും വിവേക് ഗോപന്‍ ആറ് പന്തില്‍ നാലു റണ്‍സുമെടുത്ത് പുറത്തായി നിരാശപ്പെടുത്തി. മദന്‍ മോഹന്‍ ആറ് സിക്സും രണ്ട് ഫോറും പറത്തിയാണ് 33 പന്തില്‍ 62 റണ്‍സെടുത്തത്. പ്രശാന്ത് അലക്സാണ്ടര്‍(3), മണികുട്ടന്‍(0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ വാലറ്റത്ത് അരുണ്‍ ബെന്നിയും(6 പന്തില്‍ 17), ബിനീഷ് കോടിയേരി(4 പന്തില്‍ 8). ആര്യൻ(9 പന്തില്‍ 16*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും കേരള സ്ട്രൈക്കേഴ്സിന് വിജയം എത്തിപ്പിടിക്കാനായില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ഓപ്പണറായി ഇറങ്ങിയ ജോയ് കുമാര്‍ മുഖര്‍ജിയുടെയും(35 പന്തില്‍ 42) മൂന്നാം നമ്പറിലിറങ്ങിയ ജാമി ബാനര്‍ജിയുടെയിം(33 പന്തില്‍ 51), ജിഷു സെന്‍ഗുപ്തയുടെയും(24 പന്തില്‍ 46) ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക