സഞ്ജുവിന് പകരം രോഹന്‍ പ്രേമിനെയും മോനിഷിന് പകരം വിനൂപ് മനോഹരനെയും കേരള ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണില്‍ കേരളത്തിന്‍റെ നാലാമത്തെ മത്സരത്തിന് ഇന്ന് തുടക്കമാകും. എവേ മത്സരത്തില്‍, ഹൈദരാബാദ് ആണ് കേരളത്തിന്‍റെ എതിരാളികള്‍. മഴ മൂലം മത്സരം തുടങ്ങാന്‍ വൈകുകയാണ്. നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ കേരളത്തിന് ജയം അനിവാര്യമാണ്.
ആദ്യ 3 കളിയിൽ ഒരു സമനിലയും 2 തോല്‍വിയും വഴങ്ങിയ കേരളത്തിന് മൂന്ന് പോയിന്‍റ് മാത്രമാണുള്ളത്. എലൈറ്റിലെ എ, ബി ഗ്രൂപ്പുകളിലായി നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് കേരളം.
അതേസമയം ആദ്യ മൂന്ന് മത്സരവും തോറ്റ ഹൈദരാബാദിന് ഇതുവരെ ഒരു പോയിന്‍റ് പോലും നേടാനായിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ സഞ്ജു സാംസൺ കേരളത്തിനായി കളിക്കില്ല. സഞ്ജുവിന് പകരം രോഹന്‍ പ്രേമിനെയും മോനിഷിന് പകരം വിനൂപ് മനോഹരനെയും കേരള ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
