എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സര്‍വാതെ അസറുദ്ദീനൊപ്പം ഉറച്ചുനിന്നതോടെയാണ് കേരളത്തിന് സമനില പ്രതീക്ഷയായത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളം സമനിലക്കായി പൊരുതുന്നു. 363 റണ്‍സ് വിജയലക്ഷ്യവുമായി 28-1 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. 63 റണ്‍സോടെ ആദിത്യ സര്‍വാതെയും നാലു റണ്‍സുമായി ബാബ അപരാജിതും ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ മധ്യപ്രദേശ് സ്കോറിന് 148 റണ്‍സ് പിന്നിലാണ് കേരളം.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് രോഹന്‍ കുന്നമ്മലിന്‍റെയും(8), ഷോണ്‍ റോജറിന്‍റെയും(1) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും(3) വിക്കറ്റുകൾ നാലാം ദിനം തുടക്കത്തിലെ നഷ്ടമായിരുന്നു. ഇതോടെ 28-1ല്‍ നിന്ന് 37-4ലേക്ക് വീണ കേരളത്തിന് പിന്നാലെ സല്‍മാന്‍ നിസാറിനെക്കൂടി നഷ്ടമായതോടെ 47-5ലേക്ക് കൂപ്പുകുത്തി പരാജയത്തിന്‍റെ വക്കിലായി. എന്നാാല്‍ ആറാം വിക്കറ്റില്‍ ജലജ് സക്സേനയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് കേരളത്തെ 100 കടത്തി പ്രതീക്ഷ നല്‍കി.

സച്ചിനു പോലും ആ ഭാഗ്യമില്ല, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കായി സെഞ്ചുറി അടിച്ച ഒരേയൊരു ഇന്ത്യൻ താരം

ടീം സ്കോര്‍ 121ല്‍ നില്‍ക്കെ സക്സേനയെ(32) വീഴ്ത്തിയ സാരാന്‍ഷ് ജെയിന്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചു. എന്നാല്‍ എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സര്‍വാതെ അസറുദ്ദീനൊപ്പം ഉറച്ചുനിന്നതോടെ കേരളത്തിന് സമനില പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാം ന്യൂബോളില്‍ അസറുദ്ദീനെ(68) കുല്‍ദീപ് സെന്‍ പുറത്താക്കിയതോടെ കേരളം വീണ്ടും പ്രതിരോധത്തിലായി.

മധ്യപ്രദേശിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് കളി സമനിലയാക്കിയാല്‍ മൂന്ന് പോയന്‍റ് സ്വന്തമാക്കാനാവും. തോറ്റാല്‍ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കും. കേരളം ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഇന്നലെ പ‍ഞ്ചാബിനെതിരെ കൂറ്റൻ ജയവുമായി കര്‍ണാടക 19 പോയന്‍റുമായി കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. കേരളത്തിന് 18 പോയന്‍റാണുള്ളത്. മധ്യപ്രദേശിനെതിരെ സമനില നേടിയാല്‍ മൂന്ന് പോയന്‍റുമായി കേരളത്തിന് കര്‍ണാടകയെ മറികടന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം.

'അവന്‍റെ ആ ബലഹീനത ഇപ്പോഴാണ് ചര്‍ച്ചയാവുന്നത്', സഞ്ജു സാംസണെക്കുറിച്ച് ആകാശ് ചോപ്ര

ഒന്നാം സ്ഥാനത്തുള്ള ഹരിയാനയാകട്ടെ ബംഗാളിനെ തകര്‍ത്ത് 26 പോയന്‍റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകക്ക് ഹരിയാനയാണ് എതിരാളികള്‍. കേരളത്തിന് താരതമ്യേന ദുര്‍ബലരായ ബിഹാറിനെയാണ് അവസാന മത്സരത്തില്‍ നേരിടേണ്ടത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് കേരളത്തിന്‍റെ അവസാന മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക