തിരുവന്തപുരം: കേരളം- പഞ്ചാബ് രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്. 146 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 55 എന്ന നിലയിലാണ്. ലക്ഷ്യം മറികടക്കണമെങ്കില്‍ പഞ്ചാബിന് ഇനിയും 91 റണ്‍സ് കൂടിവേണം. അഞ്ചിന് 88  എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച കേരളം 136ന് എല്ലാവരും പുറത്തായി. 48 റണ്‍സാണ് കേരളം കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍: കേരളം 227 & 136, പഞ്ചാബ് 218 & 55/5.

മൂന്ന് വിക്കറ്റ് നേടിയ ജലജ് സക്‌സേനവും രണ്ട് വിക്കറ്റ് നേടിയ സിജോ മോന്‍ ജോസഫുമാണ് രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബിനെ തകര്‍ത്തത്. ഗുര്‍കീരത് മന്‍ (12), അന്‍മോല്‍ മല്‍ഹോത്ര (6) എന്നിവരാണ് ക്രീസില്‍. രോഹന്‍ മര്‍വാഹ (0), സന്‍വിര്‍ സിങ് (18), മന്‍ദീപ് സിങ് (10), അന്‍മോല്‍പ്രീത് സിങ് (0), അഭിഷേക് ശര്‍മ (0) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. 

രണ്ടാം ഇന്നിങ്‌സില്‍ 31 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് അസറുദ്ദീന്‍ (27), സല്‍മാന്‍ നിസാര്‍ (28) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. പഞ്ചാബിനായി സിദ്ധാര്‍്ത്ഥ് കൗള്‍ അഞ്ചും ഗുര്‍കീരത് മന്‍ നാല് വിക്കറ്റും നേടി. 

ഒന്നാം ഇന്നിങ്സില്‍ ഒമ്പത് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. കേരളത്തിന്റെ 227നെതിരെ പഞ്ചാബ് 218ന് പുറത്താവുകയായിരുന്നു. നിതീഷിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. 71 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങായിരുന്നു പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുര്‍കീരത് മന്‍ (37), വാലറ്റക്കാരന്‍ സിദ്ധാര്‍ത്ഥ് കൗള്‍ (25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജലജ് സക്സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു.