ലണ്ടന്‍: മറ്റേതൊരു കായികവിനോദത്തേക്കാളും ക്യാപ്റ്റന് വലിയ റോളുള്ള കായിക മത്സരമാണ് ക്രിക്കറ്റ്. ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ ഒരു ടീമിന്റെ ജയപരാജയത്തെതന്നെ സ്വാധിനിക്കുന്ന അപൂര്‍വം ടീം ഗെയിമുകളിലൊന്നാണ് ക്രിക്കറ്റ്. പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്നതിലും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും, ബൌളിംഗ് മാറ്റം വരുത്തുന്നതിലും, ബാറ്റിഗ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നും എന്നുവേണ്ട ടീമിനെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ക്യാപ്റ്റനെന്ന കപ്പിത്താനില്‍ നിക്ഷിപ്തമാണ്. 

ടീമിലെ ഏറ്റവും മികച്ച താരമായിരിക്കില്ല പലപ്പോഴും ക്രിക്കറ്റില്‍ നായകനാവുക. കാരണം ഒരു മികച്ച കളിക്കാരന്‍ എപ്പോഴും മികച്ച ക്യാപ്റ്റനാവണമെന്നില്ല എന്നത് തന്നെ. സച്ചിന്‍ ടെന്‍ഡുല്‍ക്കറോളം വലിയ ഉദാഹരണമില്ല അതിന്. ലോക ക്രിക്കറ്റില്‍  ക്ലൈവ് ലോയ്ഡ് മുതല്‍ കപില്‍ ദേവും, ഇമ്രാന്‍ ഖാനും, സ്റ്റീവ് വോയും റിക്കി പോണ്ടിംഗും സൌരവ് ഗാംഗുലിയുമെല്ലാം മികച്ച നായകന്‍മാരുടെ നിരയില്‍ ഇടം നേടിയവരാണ്. 

Also Read: 'എനിക്ക് വട്ടാണെന്നാണോ നീ കരുതുന്നത്'; ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്ത് കുല്‍ദീപ് യാദവ്

തീരുമാനമെടുക്കാനുള്ള ശേഷിയും നേതൃഗുണവുമാണ് ഇവരെ മറ്റ് നായകന്‍മാരില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെ മികച്ച നായകന്‍ ഇവരാരുമല്ലെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍. അത് ഇന്ത്യയുടെ എം എസ് ധോണിയാണെന്ന് പീറ്റേഴ്സണ്‍ പറയുന്നു. ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ധോണി. 

ഓരോ തവണയും ധോണി ഇന്ത്യയെ നയിച്ചിറങ്ങുമ്പോള്‍ ആരാധകരിലുണ്ടാകുന്ന പ്രതീക്ഷയുടെ ഭാരം അത്രമാത്രം വലുതാണ്. കരിയറില്‍ പ്രധാനവര്‍ഷങ്ങളെല്ലാം ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഇന്ത്യയുടെും ചെന്നൈയുടെയും നായകനായി ധോണി തിളങ്ങിയെന്നും പീറ്റേഴ്സണ്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ധോണിക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിയത്.  ഇന്ത്യയെ 60 ടെസ്റ്റുകളില്‍ നയിച്ച ധോണി 27 വിജയങ്ങള്‍ സ്വന്തമാക്കി. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കിരീടം സമ്മാനിച്ച ധോണിക്ക് കീഴില്‍ ഇന്ത്യ 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും നേടി.